പേര് പോലെതന്നെ വ്യത്യസ്തനാണ് യാന്‍ ചുമ്മാര്‍ മാത്തന് എന്ന കോട്ടയംകാരന് പയ്യന്. വെറും പതിമൂന്ന് വയസാണ് പ്രായമെങ്കിലും സ്വന്തമായി മൊബൈല്‍ ആപ്പ്ലിക്കേഷന്‍ വരെ നിര്‍മ്മിച്ചുകഴിഞ്ഞു യാന്‍. സ്വന്തം നാടായ കോട്ടയത്തെ സേവനങ്ങളെ ഒരുമിപ്പിക്കുന്ന മൈ കോട്ടയം ആപ്ലിക്കേഷനാണ് കളത്തില്‍പ്പടി മരിയന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ യാന്‍ ആദ്യം വികസിപ്പിച്ചെടുത്തത്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും റസ്റ്ററന്റുകളും പഴം, പച്ചക്കറി, ഇലക്ട്രോണിക്സ് ഷോപ്പുകളും കണ്ടെത്താനും ഈ ആപ്പ് ഉപയോഗിക്കാം. കേരളത്തിലെ പ്രധാന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന കേരള ടുഡെ, ഏതൊക്കെ ഭക്ഷണം കഴിച്ചാല്‍ ആരോഗ്യം സൂക്ഷിക്കാമെന്നു വ്യക്തമാക്കുന്ന ഹെല്‍ത്ത് മേക്കര്‍, ഓണ്‍ലൈന്‍ വഴി അധ്യാപകരെയും ട്യൂഷന് സെന്ററുകളെയും കണ്ടെത്താവുന്ന ലേണേറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളും യാന്‍ വികസിപ്പിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ ഗാഡ്ജറ്റുകളോടു താല്പര്യമുണ്ടായിരുന്ന യാനിനെ സ്വാധീനിച്ചതു ബന്ധുക്കള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു വെബ്സൈറ്റാണ്. പിന്നീട് എട്ടാം വയസ്സില്‍ ബ്ലോഗര്‍ ടെംപ്ലേറ്റുകളും മറ്റുമുപയോഗിച്ച് ആദ്യ വെബ്സൈറ്റ് നിര്‍മിച്ചു. വളരെ ചെറു പ്രായത്തിലായിരുന്നു ഇതൊക്കെ. പിന്നീടു ലളിതമായ പെയിന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ലോഗോ ഡിസൈന്‍ ചെയ്തു. പത്താം വയസ്സിലാണ് പ്രഫഷനല്‍ വെബ്സൈറ്റ് നിര്‍മാണ ലോകത്തേക്ക് കടന്ന് എച്ച്ടിഎംഎല്‍ പഠിക്കാന്‍ തുടങ്ങിയത്. പതിമൂന്നാം വയസ്സില്‍ ആന്‍ഡ്രോയ്ഡ് മേഖലയിലേക്കു തിരിഞ്ഞു. ഇതോടെ സാങ്കേതികവിദ്യയുടെ വിശാല ലോകമാണു യാനിനു മുന്നില്‍ തെളിഞ്ഞത്.
സുവോ ഡെവലപ്പേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു. പുറകേ ആന്‍ഡ്രോയ്ഡ് ആപ്പ് ഡെവലപ്മെന്റ് ആരംഭിച്ചു. മകന്റെ താല്പര്യം കണ്ടറിഞ്ഞ മാതാപിതാക്കളായ സണ്ണി മാത്യുവും സിന്ധുവും ഗൂഗിള്‍ പ്ലേ ഡെവലപ്പര്‍ കണ്‍സോള്‍ അക്കൗണ്ട് എടുത്തുകൊടുത്തു. ഓണ്‍ലൈന്‍ വഴി ഇതദുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ചെയ്തു. ചെറിയ ചെറിയ ആപ്പ്ലിക്കേഷനുകള്‍ തയാറാക്കാന്‍ തുടങ്ങി. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റുകളിലൊന്നെന്നു യാന്‍ വിശേഷിപ്പിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഡെവലപ്പര്‍ ഗ്രൂപ്പിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കാനായതാണ്. യാന്റെ മികവു തിരിച്ചറിഞ്ഞ സംഘാംഗങ്ങള്‍ വളരെയേറെ പ്രോത്സാഹനം നല്കി. മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടി ടിസെന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സാംസങ് ഡെവലപ്പേഴ്സ് യോഗത്തിനും യാനിനു ക്ഷണം കിട്ടി. യാനിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച സംഘം സമ്മാനങ്ങള്‍ നല്‍കിയാണ് യാനിനെ തിരിച്ചയച്ചത്. കംപൂട്ടറുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് ആത്മവിശ്വാസവും പ്രോത്സാഹനവുമായി കൂടെനിന്ന വീട്ടുകാരോടാണ് താന്‍ കടപ്പെട്ടരിക്കുന്നതെന്നാണ് യാന്‍ പറയുന്നത്.