ദോഹ: അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണത്തിൽ കുലുങ്ങാതെ യെമനിലെ ഹൂതി വിമതർ. ഹൂതികൾ ഇന്നലെ ഏദൻ ഉൾക്കടലിലൂടെ പോകുകയായിരുന്ന അമേരിക്കൻ ചരക്കുകപ്പലിനു നേർക്ക് മിസൈൽ പ്രയോഗിച്ചു.
ഞായറാഴ്ച ചെങ്കടലിലെ യുഎസ് യുദ്ധക്കപ്പലിനു നേർക്ക് ഹൂതികൾ മിസൈൽ തൊടുത്തുവെങ്കിലും ലക്ഷ്യസ്ഥാനത്തെത്തും മുന്പേ യുഎസ് വിമാനം മിസൈലിനെ വെടിവച്ചിട്ടു.
ഇന്നലത്തെ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏദൻ തുറമുഖത്തിനു 175 കിലോമീറ്റർ അകലെവച്ച് കപ്പലിൽ മിസൈൽ പതിച്ചെന്നാണ് ബ്രിട്ടീഷ് മരിടൈം ഏജൻസിയായ യുകെഎംടിഒ അറിയിച്ചത്. അമേരിക്കയിലെ ഈഗിൾ ബൾക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള ഈഗിൾ ജിബ്രാൾട്ടർ എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമിക്കപ്പെട്ടത്.
കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും കാര്യമായ തകരാറോ ജീവക്കാർക്കു പരിക്കോ ഇല്ല. കപ്പൽ യാത്ര തുടർന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ കപ്പലിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുകയായിരുന്നുവെന്ന് അമേരിക്കൻ സേന പിന്നീട് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് യുഎസ്എസ് ലബൂൺ എന്ന കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ ക്രൂസ് മിസൈൽ തൊടുത്തത്. യുഎസ് യുദ്ധവിമാനം മിസൈലിനെ തകർക്കുകയായിരുന്നു. സംഭവത്തിൽ ആളപായവും പരിക്കുമില്ല.
യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രങ്ങളിൽ യുഎസ്, ബ്രിട്ടീഷ് സേനകൾ വെള്ളി, ശനി ദിവസങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതികൾ ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നിത്.
എന്നാൽ, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ചരക്കുകപ്പലുകളെ ആക്രമിക്കുന്നതു തുടരുമെന്നാണ് ഹൂതികൾ പ്രതികരിച്ചത്. യെമനിൽ ആക്രമണം തുടർന്നാൽ യുഎസ്, ബ്രിട്ടീഷ് യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതി നേതാവ് ഹുസൈൻ അൽ ബുഖെയ്തി ബിബിസിയോട് കഴിഞ്ഞദിവസം പറഞ്ഞു.
നവംബർ 19നുശേഷം ഹൂതികൾ ചെങ്കടലിൽ 27 ആക്രമണങ്ങൾ നടത്തി. ഹൂതികൾക്കെതിരേ കൂടുതൽ ആക്രമണത്തിന് അമേരിക്ക മടിക്കില്ലെന്ന് പ്രസിഡന്റ് ബൈഡൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.