തെരുവിലെ ജീവിതവും ദാരിദ്ര്യവും കഷ്ടതയും നിറഞ്ഞതായിരുന്നു കൗമാരം വിട്ടുമാറാത്ത ജയ്സ്വാളിന്റേത്. മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഗ്രൗണ്ട്സ്മാനൊപ്പം ടെന്റിലായിരുന്നു ഒരിക്കൽ താമസിച്ചത്. 11-ാം വയസിൽ ക്രിക്കറ്റ് കളിക്കാരനാകണമെന്ന് കുറിച്ചിട്ട ജയ്സ്വാൾ ആറ് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ അണ്ടർ 19 ടീമിലെത്തി. ഇപ്പോൾ മുംബൈക്കായി വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടി സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, ശിഖർ ധവാൻ തുടങ്ങിയവർക്കൊപ്പമെത്തി.
ഉത്തർപ്രദേശ് സ്വദേശിയായ ജയ്സ്വാൾ ക്രിക്കറ്റ് സ്വപ്നവുമായാണ് മുംബൈയിലെത്തിയത്. മകന്റെ ക്രിക്കറ്റ് സ്വപ്നവും വീട്ടിലെ ദാരിദ്ര്യവും ചേർന്നപ്പോൾ മുംബൈയിലേക്ക് മാറാൻ ജയ്സ്വാളിന്റെ അച്ഛൻ അനുവദിച്ചു. മുംബൈയിലെ വോർലിയിൽ അങ്കിളിനൊപ്പം താമസിക്കാനാണ് പിതാവ് ജയ്സ്വാളിനെ പറഞ്ഞയച്ചതെങ്കിലും ഒരാൾക്കുകൂടി താമസിക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല.
അതോടെയാണ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ടെന്റിൽ താമസം ആരംഭിച്ചത്. ജയ്സ്വാളിന്റെ അങ്കിളായ സന്തോഷ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിന്റെ മാനേജരായിരുന്നു. അദ്ദേഹം ഉടമകളോട് നടത്തിയ അഭ്യർഥനയെത്തുടർന്നായിരുന്നു ജയ്സ്വാളിന്റെ താമസം തരപ്പെട്ടത്. തുടർന്ന് ദാരിദ്ര്യം മാറാനായി പാനിപൂരി വിറ്റതും ക്രിക്കറ്റ് കളിച്ചതും ജയ്സ്വാളിന്റെ മനസിൽ ഇന്നുമുണ്ട്.
ജയ്സ്വാൾ കളിക്കുന്നതുകണ്ട ജ്വാല സിംഗ് ആണ് ക്രിക്കറ്റിന്റെ പാഠങ്ങൾ പകർന്നു നല്കിയത്. മുംബൈ സെലക്ടർ വസിം ജാഫറും കോച്ച് വിനായക് സാവന്തും നല്കിയ പിന്തുണയോടെ പിടകൾ ഓരോന്നായി ചവിട്ടിക്കയറുകയാണ് പതിനേഴുകാരനായ ജയ്സ്വാൾ. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന അണ്ടർ 19 ഏഷ്യ കപ്പോടെയാണ് താരം ശ്രദ്ധാകേന്ദ്രമായത്. ജയ്സ്വാളായിരുന്നു ടൂർണമെന്റിൽ ഏറ്റവും അധികം റണ്സ് എടുത്തതും (318) മാൻ ഓഫ് ദ സീരീസും.