ചെന്നൈ: തമിഴ് നടി യാഷികയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പേരാവല്ലൂരിലെ ജികഐം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ യാഷിക ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഒപ്പം താമസിച്ചിരുന്ന കാമുകൻ മോഹൻ ബാബുവാണ് തന്റെ മരണത്തിനു കാരണമെന്നു പറഞ്ഞ് അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. മോഹൻ തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
നാലു മാസം മുന്‍പാണു മോഹൻ ബാബുവുമൊത്തു യാഷിക പേരാവല്ലൂരിൽ താമസം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും മോഹൻ വീട്ടിൽനിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു മരണം. തിരുപ്പുർ സ്വദേശിനിയാണ് യാഷിക.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. മോഹൻ ബാബുവിനായി പോലീസ് തെരച്ചിൽ തുടരുകയാണ്.