ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ ശബരിമല നിലയ്ക്കലിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തൃശൂർ പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രക്ക് ക്ലീൻ ചിറ്റ്. കമ്മീഷണർക്കെതിരെ നടപടിയെടുക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് തിരിച്ചടിയായി.
യതീഷ്ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ യതീഷ്ചന്ദ്രക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരാതി തള്ളാൻ തീരുമാനിച്ചത്.
കഴിഞ്ഞ നവംബർ 21നാണ് ശബരിമലയിലേക്ക് വന്ന കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത്. സംസ്ഥാന സർക്കാർ നിയോഗിച്ചതനുസരിച്ചാണ് യതീഷ്ചന്ദ്ര ശബരിമലയിൽ ചുമതലയേറ്റത്. യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തി ബിജെപി സംസ്ഥാന നേതാക്കൾ പ്രസ്താവനയിറക്കിയിരുന്നു.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് നേതാക്കൾ കേന്ദ്രത്തിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.