ശ്രീകണ്ഠപുരം: യതീംഖാന വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ. പാണപ്പുഴ കണ്ണങ്കൈ ഏലിയത്തെ വെള്ളരിയിൽ അബ്ദുൾ നാസറിനെ (31) യാണ് ഇരിക്കൂർ എസ്ഐ വി.വി. പ്രദീപനും സംഘവും അറസ്റ്റ്ചെയ്തത്. 11, 13 വയസ് പ്രായമുള്ള വിദ്യാർഥികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സ്കൂൾ അവധി ദിവസം പ്രത്യേക ക്ലാസെടുത്ത് നൽകാനെന്ന് പറഞ്ഞ് കുട്ടികളെ മുറിയിലേക്ക് വിളിപ്പിച്ചു പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാർഥികൾ അധ്യാപകനോട് സംഭവം പറഞ്ഞതോടെ സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർഥികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പ്രതിയെ ഇന്നു വൈകുന്നേരം കണ്ണൂർ കോടതിയിൽ ഹാജരാക്കും.