കേരളത്തിലെ യുവ ഐപിഎസുകാരില്‍ കാര്യക്ഷമത കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ഒന്നാമനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കൂടിയായ ജി.എച്ച്.യതീഷ്ചന്ദ്ര. ശബരിമലയില്‍ കെ. സുരേന്ദ്രനെ പൊക്കി അകത്താക്കിയതോടെ യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി യതീഷ് ചന്ദ്രയെ തൃശൂരില്‍ നിന്നും മാറ്റുമെന്നു വരെ പ്രചരണമുണ്ടായി. എന്നാല്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരും.
യതീഷ് ചന്ദ്രയെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതിനിടെ മോദിയുടെ പേരില്‍ നടപടിയെടുക്കുന്നത് കേന്ദ്രത്തിനും ക്ഷീണമായിരുന്നു. നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനെ പാട്ടിന് വിടാനാണ് കേന്ദ്രം നോക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിലപാടെടുത്തതോടെ എല്ലാം ശുഭമായി. തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റമുണ്ടായത്. വിയ്യൂര്‍ ജയിലില്‍നിന്ന് ടിപി കേസിലെ പ്രതി ഷാഫി ഉള്‍പ്പടെയുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ജയിലില്‍നിന്ന് കഞ്ചാവടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അതോടെ വീണ്ടും യതീത് ചന്ദ്ര താരമായി.
അതിനിടെ യതീഷ് ചന്ദ്ര തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തില്‍ നടത്തിയ പ്രസംഗം എല്ലാവരിലും ചിരി പടര്‍ത്തി. സരസമായ ശൈലിയില്‍ കൂട്ട കൈയ്യടികളോടെയാണ് പ്രസംഗം നീണ്ടത്.
പ്രളയകാലത്ത് രാവുംപകലും നിര്‍ദേശങ്ങളുമായി തൃശൂരിലെ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നെന്നു യതീഷ്ചന്ദ്ര പറഞ്ഞു. ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠിക്കുമ്പോള്‍ തനിക്കു നൂറില്‍നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് യതീഷ് ചന്ദ്ര തുറന്നുപറഞ്ഞു. നൂറില്‍ 99 മാര്‍ക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നത് അപാരമായ കഴിവു തന്നെയാണ്.
ഇങ്ങനെ വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വെള്ളമൊഴിച്ചു ചെടി നട്ടുവളര്‍ത്തുന്നതു പോലെ അറിവുകള്‍ അധ്യാപകര്‍ കൈമാറിയാണ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുത്തത്. ഓരോരുത്തരുടെയും ഡിഎന്‍എ വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരെയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനം ചെയ്യണം വിദ്യാര്‍ഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു. ഇതോടെ കൂട്ട കൈയ്യടിയായി.