കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ തനിക്ക് വിഷമമുണ്ടായിട്ടുണ്ടെന്ന് സ്ഥലം മാറി പോകുന്ന കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര.
കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറിന്റെ ഉപഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദഹം.
എല്ലാവരുടെയും നന്മക്കായി നിയമം നടപ്പിലാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും വ്യാപാരികൾ ഉൾപ്പെടെയുള്ള പലർക്കും വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചു നിൽകേണ്ടതായി വരികയായിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ, പ്രയാസമോ, വേദനയോ ഉണ്ടാവരുതെന്നാണ് പോലീസിന്റെ നിലപാട്.
പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. സർവരുടേയും ക്ഷേമവും, സുരക്ഷിതത്വവും, പുരോഗതിയും, സമാധാനവുമാണ് ലക്ഷ്യം. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേബംറിന്റെ ഉപഹാരം പ്രസിഡന്റ് വി.എം. അഷറഫ് സമ്മാനിച്ചു. വി. അൻവർ, കെ. അസ്നിദ് എന്നിവർ പങ്കെടുത്തു.