വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി ജലഗതാഗതമേഖലയിലെ രൂക്ഷമായ യാത്രക്ലേശം പരിഹരിക്കാൻ കാളമുക്ക് ഗോശ്രീ കവലയിൽ നിന്നും ഫോർട്ട് വൈപ്പിനിലേക്ക് ഫെറി സർവീസ് വേണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ഉന്നയിച്ച് വൈപ്പിൻ ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ കളക്ടർക്ക് ഹർജി നൽകി.
കൊച്ചിൻ കോർപ്പറേഷൻ പ്രഖ്യാപിച്ചതുപോലെ റോറോ ജങ്കാർ സർവീസിനായി ഒരു കന്പനി രൂപീകരിച്ച് സർവീസ് കന്പനിയെ ഏൽപ്പിക്കുക, മൂന്നാമതൊരു ജങ്കാർ കൂടി നിർമിക്കുക, അടിക്കടി സർവീസ് മുടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുക, രാവിലെ ആറുമുതൽ രാത്രി 10 വരെ രണ്ട് ജങ്കാറും സർവീസ് നടത്തുക തുടങ്ങിയവയാണ് ഹർജിയിലെ മറ്റ് പ്രധാന ആവശ്യങ്ങൾ.
പലപ്പോഴും എൻജിൻ തകരാറിലാവുന്പോൾ ഇവിടെ ഒരു ജങ്കാർ മാത്രമെ സർവീസിനുണ്ടാകുകയുള്ളു. ഈ സമയങ്ങളിൽ രൂക്ഷമായ യാത്രക്ലേശമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം രണ്ട് ജങ്കാറും ഒപ്പം തകരാറിലായതോടെ സർവീസ് പൂർണമായും സ്തംഭിച്ചു. ജനം പെരുവഴിയിലുമായി.
ഇൗ സന്ദർഭങ്ങളിൽ ബദൽ സംവിധാനം ഉണ്ടാക്കണമെങ്കിൽ സ്റ്റെപ്പിനിയായി മൂന്നാമതൊരു ജങ്കാർകൂടി അത്യാവശ്യമാണ്. രണ്ട് ജങ്കാർ സർവീസ് ആരംഭിച്ചതോടെ ഇവിടെ സർവീസ് നടത്തിയിരുന്ന കൊച്ചിൻ കോർപ്പറേഷന്റെ ഫോർട്ട് ക്യൂൻ എന്ന ഫെറി ബോട്ടിന്റെ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
കോടികൾ ചെലവഴിച്ച് നിർമിച്ച ഈ ബോട്ടാകട്ടെ ജെട്ടിയിൽ ഇപ്പോൾ കിടന്ന് തുരുന്പിച്ചു കൊണ്ടിരിക്കുന്നു. റോ റോ സർവീസിനുവേണ്ടി അശാസ്ത്രീയമായ രീതിയിൽ ജെട്ടി നിർമിച്ചതോടെ ഫെറി ബോട്ട് സുരക്ഷിതമായി അടുപ്പിക്കാനും വയ്യാത്ത അവസ്ഥയിലാണ്.
ഈ സാഹചര്യത്തിലാണ് ജലഗതാഗതം കാര്യക്ഷമമാക്കാൻ ഒരു കിലോമീറ്ററോളം വടക്കോട്ട് മാറി കാളമുക്ക് ഗോശ്രീ പാലത്തിനു സമീപത്ത് നിന്ന് ഫെറി സർവീസ് ആരംഭിക്കണമന്നുള്ള ആവശ്യത്തിനു പ്രസക്തിയെന്ന് അസോസിയേഷൻ ഹർജിയിൽ പറയുന്നു.
ഇവിടെ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ജിഡ വക സ്ഥലത്ത് ഏതെങ്കിലുമൊരിടത്ത് പുതിയ ജെട്ടി നിർമിച്ച് ഇവിടെ നിന്നും സർവീസ് ആരംഭിച്ചാൽ പൊതുജനങ്ങൾക്ക് ഫോർട്ട് വൈപ്പിൻ സ്റ്റാന്റിൽ എത്താതെ തന്നെ ഗോശ്രീ കവലയിൽ നിന്നും ഫെറി ബോട്ടിൽ ഫോർട്ട് കൊച്ചിയിലേക്ക് പോകാനാവുമെന്നും അസോസിയേഷൻ നേതാക്കളായ ഫ്രാൻസീസ് ചമ്മിണി, ജെയിംസ് തറമ്മേൽ, കെ.എസ്. ബോബൻ എന്നിവർ ചൂണ്ടിക്കാണിക്കുന്നു.
ഹർജി കൈപ്പറ്റിയ കളക്ടർ നഗരസഭ സെക്രട്ടറിയോടെ വിശദാംശങ്ങൾ തേടിയിട്ടുള്ളതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.