മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരൻപും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും.
പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ പ്രദർശനം ഗോവ ചലച്ചിത്ര മേളയിൽ നടന്നത് വൻ ആസ്വാദകപ്രീതി നേടിയെങ്കിൽ കഴിഞ്ഞദിവസം പുറത്തെത്തിയ യാത്രയുടെ ടീസറും അത്തരത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര.
ആസ്വാദകർ കണ്ടത് ടീസർ മാത്രമാണെങ്കിൽ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങൾ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. യാത്രയിലെ ചില രംഗങ്ങൾ ഇപ്പോൾ കണ്ടുകഴിഞ്ഞതേയുള്ളൂ. തെലുങ്ക് ഭാഷയിൽ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്.-പൃഥ്വിരാജ് പറഞ്ഞു.
ടോളിവുഡിൽ ഇതിനകം വലിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട് യാത്ര. ടീസറിന് പുറമേ പോസ്റ്ററുകൾക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 70എംഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകൻ മഹി വി രാഘവിന്േറത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സത്യൻ സൂര്യൻ ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെന്പാടുമുള്ള തിയറ്ററുകളിലെത്തും.