ഗുരുവായൂർ: വിദ്യാർഥികളുടേതുൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കാത്തത്തിൽ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ടുപോകാൻ തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഗുരുവായൂർ മേഖല കണ്വൻഷൻ തീരുമാനിച്ചു. ഡീസൽ ലിറ്ററിനു 64 രൂപയുണ്ടായിരുന്നത് 74 രൂപയായിരിക്കുകയാണ്. ഗതാഗതകുരുക്കു മൂലം ഡീസിലിന്റെ ഉപയോഗത്തിലെ വർധനവും വിവിധ ഫീസുകളുടെ വർധനവും ബസുടമകളെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
സർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 10നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ എറണാകുളത്ത് ഹിയറിംഗ് നടത്താമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റിവയ്ക്കുകയും ചെയ്തതോടെയാണ് വീണ്ടും സമരത്തിനിറങ്ങാൻ നിർബന്ധിതരാകുന്നതെന്ന് കണ്വൻഷൻ വിലയിരുത്തി.
രാജ്യത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ലാത്ത ജിപിഎസ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കെ.കെ. സേതുമാധവൻ, ടി.കെ. നിർമലാനന്ദൻ, എം.കെ. ഗോപിനാഥൻ, പി.ആർ. വിശ്വനാഥൻ, ടി.എസ്. ഷാജു എന്നിവർ പ്രസംഗിച്ചു.