ഭാഗ്യം ഒത്തുവന്നാൽ ഒരു ചരിത്രം ഉടൻ പിറക്കും. അതിനായി പത്തംഗസംഘം അശ്രാന്ത പരിശ്രമത്തിലാണ്.
കറുത്ത വർഗക്കാരായ പത്തുപേർ അടങ്ങുന്ന ടീം എവറസ്റ്റ് കൊടുമുടി കീഴടക്കാൻ യാത്ര തുടങ്ങിയിരിക്കുന്നു.
കെനിയൻ പർവതാരോഹകൻ ജെയിംസ് കഗാംബി ആണ് പത്തംഗ സംഘത്തെ നയിക്കുന്നത്.
കഗാംബിയും കൂട്ടരും ലക്ഷ്യം കണ്ടാൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരുടെ ടീമാവും അത്. കഗാംബി ഒഴികെ ടീമിലെ മറ്റ് ഒന്പതുപേരും അമേരിക്കക്കാരാണ്.
ഏകദേശം 6,000 പർവതാരോഹകർ ഇന്നുവരെ എവറസ്റ്റ് കീഴടക്കിയതായിട്ടാണ് കണക്ക്. ഈ ആറായിരം പേരിൽ ആഫ്രിക്കൻ വംശജരായ പത്തിൽ താഴെ ആളുകൾ മാത്രമാണ് എവറസ്റ്റ് കീഴടക്കിയിട്ടുള്ളത്.
വെളുത്തവർക്ക് മാത്രമല്ല, കറുത്തവർക്കും എവറസ്റ്റ് കീഴടക്കാനാകുമെന്ന ആത്മവിശ്വാസം കറുത്ത വർഗക്കാരിലേക്ക് പകർത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ സാഹസത്തിനു പിന്നിലുള്ളതെന്ന് കഗാംബി പറയുന്നു.
ബേസ് ക്യാന്പിൽ നിന്ന് കഗാംബി ടീം പുറപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ അവർ എവറസ്റ്റിന്റെ ഉച്ചകോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിചയസന്പന്നരായ പർവതാരോഹകരുടെ ടീമിലെ ഏറ്റവും പ്രായം കൂടിയ ആളാണ് 62 വയസുള്ള കഗാംബി.
62-ാം വയസിലും പർവതാരോഹണത്തിന് സമയം കണ്ടെത്തുന്ന ആദ്യത്തെയും ഏക കെനിയക്കാരനുമായിരിക്കും കഗാംബി.
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടികളും നാല് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന പോയിന്റും അദ്ദേഹം ഇതിനോടകം കീഴടക്കിയിട്ടുണ്ട്.
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡെനാലി കീഴടക്കിയ ആദ്യത്തെ കറുത്ത ആഫ്രിക്കക്കാരനായിരുന്നു അദ്ദേഹം.
ഞങ്ങളുടെ പര്യവേഷണത്തിന്റെ പ്രധാന ലക്ഷ്യം കറുത്ത നിറമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക, പർവതങ്ങളിലേക്ക് അവർക്ക് കയറാനുള്ള പ്രചോദനം നൽകുക,
അങ്ങനെ അത് വെള്ളക്കാർ മാത്രമല്ല, തങ്ങൾക്കും ചെയ്യാൻ കഴിയുമെന്ന് അവരെ കാണിക്കുക.- എവറസ്റ്റ് കീഴടക്കാനായി നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുന്പ് കഗാംബി പറഞ്ഞു.
നിരവധി നേപ്പാളികളും ഇന്ത്യക്കാരും എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും പർവതാരോഹണം പലപ്പോഴും വെളുത്ത വംശജരുടെ കായിക വിനോദമായി കാണപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.