വടക്കുനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തി തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ്ചന്ദ്ര. മഫ്തിയില്‍ എത്തിയ യതീഷിനൊപ്പം മകന് വിശ്രുത് ചന്ദ്രയും ഒപ്പമുണ്ടായിരുന്നു. 47 ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോള്‍ മകന് ആവേശമായി. ആളുകള്‍ ആനയ്ക്ക് ഉരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന് അച്ഛനോട് പറഞ്ഞു. ”എനിക്കും ആനയ്ക്ക് പഴം കൊടുക്കണം”. ആനയ്ക്കു പഴം കൊടുക്കാന്‍ എളുപ്പത്തിന് മകനെ അച്ഛന് തോളിലേറ്റി.
കര്‍ണാടക സ്വദേശിയായ യതീഷ്ചന്ദ്ര രണ്ടുവര്‍ഷമായി കുടുംബസമേതം തൃശൂരിലാണു താമസം. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മിഷണറായി യതീഷ് ചന്ദ്ര ചുമതലയേറ്റ ശേഷം ആനയെ കാണണമെന്ന് മകന് ആവശ്യപ്പെട്ടിരുന്നു. പൂരത്തിന് ക്രമസമാധാന ചുമതലയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ മകന്റെ ആഗ്രഹം സാധിച്ചില്ല. വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ദിവസം മകനെ കൊണ്ടുവരാന്‍ കാരണവും അതായിരുന്നു.
അവധി ദിവസം മകനോടൊപ്പം ബൈക്ക് റൈഡ് മുടങ്ങാതെ ചെയ്യാറുണ്ട് യതീഷ്ചന്ദ്ര. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ മകനോടൊപ്പം പോകുന്നത് കമ്മിഷണറാണെന്ന് ആളുകള്‍ തിരിച്ചറിയാറില്ല. പൂരപ്രേമികള്‍ക്കിടയില്‍ പൂരം ആഘോഷിക്കുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ കഴിഞ്ഞ പൂരത്തിന് വൈറലായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പിയായി ജോലി ചെയ്ത ശേഷമാണ് കമ്മിഷണറായി തൃശൂരില്‍ ചുമതലയേറ്റത്. എല്ലാ വര്‍ഷം കര്‍ക്കടകം ഒന്നാം തിയതി വടക്കുന്നാഥ സന്നിധിയില്‍ ആനകളെ ഊട്ടാറുണ്ട്. ഇക്കുറി, കര്‍ക്കടകം ഒന്നിന് ചന്ദ്രഗ്രഹണം ആയതിനാല്‍ ആനയൂട്ട് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു.