കോട്ടയം: ഇടതുപക്ഷത്തിന് ആവേശം പകർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇന്നലെ കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി പങ്കെടുത്തു.
കടുത്തുരുത്തിയിൽ സ്ഥാനാർഥി സ്റ്റീഫൻ ജോർജിനൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്താണ് പ്രവർത്തകർക്ക് യെച്ചൂരി ആവേശം പകർന്നത്.
വൈകുന്നേരം കനത്തമഴയ്ക്കുശേഷം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലും രാത്രിയിൽ കറുകച്ചാലിൽ നടന്ന പൊതുയോഗത്തിലും യെച്ചൂരി പങ്കെടുത്തു.
വികസനകാര്യത്തിലും ക്ഷേമകാര്യത്തിലും മാത്രമല്ല വർഗീയതയെ ചെറുത്തു തോൽപ്പിക്കുന്ന കാര്യത്തിലും രാജ്യത്തിനു ബദൽ മാതൃക കാട്ടിയ സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരെന്നും ഈ സർക്കാർ വീണ്ടും വരണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നതെന്നും സീതാറം യെച്ചൂരി പ്രസംഗത്തിൽ പറഞ്ഞു.
പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും മാനവികതയിലൂന്നി ജനങ്ങളെ ചേർത്തു പിടിച്ച ഭരണാധികാരിയേയും സർക്കാരിനേയുമാണ് കാണാൻ കഴിഞ്ഞതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതും കാർഷിക ബില്ലിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതും പച്ചക്കറിക്കു തറവില പ്രഖ്യാപിച്ചതും ഇടതു സർക്കാരിനല്ലാതെ മറ്റാർക്കും നടപ്പാക്കാനാവില്ല. ചരിത്രപരമായ ബദലാണ് കേരളം ഇന്ത്യക്ക് സമ്മാനിച്ചതെന്നും യെച്ചൂരി പറഞ്ഞു.
പരിഭാഷകനായി സ്ഥാനാർഥി; അഭിനന്ദിച്ച് നേതാവ്
കോട്ടയം: കോട്ടയം മണ്ഡലത്തിൽ നിന്ന് കെ.അനിൽകുമാറിനെ വിജയിപ്പിക്കണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം ചെയ്യൂരി ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ അതു പരിഭാഷപ്പെടുത്തിയത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ കെ. അനിൽകുമാർ തന്നെ.
കഴിഞ്ഞ കുറെ നാളുകളായി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കോട്ടയത്ത് എത്തുന്പോൾ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് കെ.അനിൽകുമാറായിരുന്നു.
അനിൽകുമാർ പ്രസംഗം പരിഭാഷപ്പെടുത്തിയാൽ മതിയെന്ന് സീതാറാം യെച്ചൂരി തന്നെയാണ് പറഞ്ഞത്.
എന്റെ പ്രിയപ്പെട്ട സഖാക്കളെ സുഹൃത്തുക്കളെ, എന്റെ മാതൃഭാഷ തെലുങ്കാണ് എനിക്ക് മലയാളം അറിയില്ല എന്നു പറഞ്ഞാണ് യെച്ചൂരി പ്രസംഗം തുടങ്ങിയത്.
തന്റെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ അനിൽകുമാറിനെ പ്രസംഗത്തിനൊടുവിൽ യെച്ചൂരി അഭിനന്ദിക്കുകയും ചെയ്തു.