ന്യൂഡൽഹി: ദൂരദർശൻ ബിജെപിയുടേയും മോദിയുടേയും സ്വകാര്യസ്വത്തല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. പൊതുജനങ്ങളുടെ പണം കൊണ്ടുപ്രവർത്തിക്കുന്ന ചാനൽ പൊതുസേവനം നടത്താൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചെന്ന് വ്യക്തമാക്കി മോദിക്ക് ആളുകൾ നന്ദി പറയുന്നതായുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നത്.
ഇതിനെ വിമർശിച്ചാണ് യെച്ചൂരി രംഗത്തെത്തിയത്. ബിജെപിയുടേയും മോദിയുടേയും പിആർ ജോലി ചെയ്യാൻ ദൂരദർശൻ ഇവരുടെ സ്വകാര്യസ്വത്തല്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിലും സർക്കാരിന്റെ സമ്പന്ന ചങ്ങാതികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സമ്പന്നർക്ക് സൗജന്യമായി 252 ബസുകൾ, പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ലാത്തി അടികളല്ലാതെ മറ്റൊന്നുമില്ല. അവശ്യവസ്തുക്കൾ ആവശ്യമുള്ള അനേകരുടെ ചെലവിൽ ബിജെപി അവരുടെ സമ്പന്നരായ ചങ്ങാതികൾക്ക് എങ്ങനെ പ്രയോജനം ചെയ്തുവെന്നതിന്റെ മറ്റൊരു ക്രൂരമായ ഓർമ്മപ്പെടുത്തലാണിതെന്നും യെച്ചൂരി പറയുന്നു.
ഉത്തരാഖണ്ഡിൽ നിന്നും മറ്റിടങ്ങളിൽ നിന്നും സമ്പന്നരായ തീർഥാടകരെ കൊണ്ടുവരാൻ ആഡംബര ബസുകൾ അയക്കാനും രാജസ്ഥാനിൽനിന്ന് സമ്പന്ന കുടുംബത്തിലെ 7,500 വിദ്യാർഥികളെ യുപിയിലേക്കും ഗുജറാത്തിലേക്കും മടക്കിക്കൊണ്ടുവരാനും ബിജെപി സർക്കാരുകൾക്ക് കഴിയുമെങ്കിൽ പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യം കൂടി കേന്ദ്രം ക്രമീകരിക്കണം.
അങ്ങനെ ചെയ്തില്ലെങ്കിൽ അത് ക്രിമിനൽ കുറ്റമാണെന്നും യെച്ചൂരി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.