ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയെ വിടാതെ പിന്തുടർന്ന് ശബ്ദരേഖകളും ഡയറിക്കുറിപ്പുകളും. മുഖ്യമന്ത്രിയാകാൻ ബിജെപി കേന്ദ്രനേതാക്കൾക്ക് 1800 കോടി നല്‍കിയെന്ന വെളിപ്പെടുത്തലുമായി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പ് വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് വെളിപ്പെടുത്തലുണ്ടായത്.
ഇതാദ്യമായല്ല, യെദിയൂരപ്പ ഇത്തരത്തിൽ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ സർക്കാർ രൂപീകരിച്ച യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നപ്പോൾ മറ്റു പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ യെദിയൂരപ്പയുടെ നേതൃത്വത്തിൽ നീക്കം നടന്നു. എന്നാൽ
കോൺഗ്രസ് എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെ തന്ത്രം പാളുകയും യെദിയൂരപ്പ രാജിവയ്ക്കുകയും ചെയ്തു.
അടുത്തിടെ ബജറ്റ് സമ്മേളനത്തിനിടെ സഖ്യസർക്കാരിനെ മറിച്ചിടാൻ ബിജെപി ശ്രമം നടത്തുന്നതായി ആരോപണമുയർന്നിരുന്നു. കോൺഗ്രസിന്റെ ഏതാനും എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ പാർപ്പിച്ച് നടത്തിയ നീക്കം പൊളിഞ്ഞതും യെദിയൂരപ്പയുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ്. എംഎൽഎമാർക്ക് പത്തുകോടിയും സ്പീക്കർക്ക് 50 കോടിയുമായിരുന്നു വാഗ്ദാനം. ഈ ശബ്ദരേഖയെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകൾ പുറത്തായത്.
ബിജെപി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ നൽകിയെന്നും മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, നിതിൻ ഗഡ്കരി എന്നിവർ യെദിയൂരപ്പയുടെ കൈയിൽനിന്നു കോടികൾ വാങ്ങിയെന്നുമാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്ന ഡയറിയിൽ പറയുന്നത്.
ഇതിനു പുറമേ നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹ ആവശ്യത്തിനായി പത്തു കോടി രൂപ നൽകി. വിവിധ ജഡ്ജിമാർക്ക് 250 കോടിയും അഭിഭാഷകർക്ക് അന്‍പത് കോടി രൂപയും നൽകിയെന്നു ഡയറിയിൽ പറയുന്നു. ബിജെപിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കോഴ വിവാദം പുറത്തു വിട്ടത് മലയാളിയും മുതിർന്ന പത്രപ്രവർത്തകനുമായ വിനോദ് കെ. ജോസ് എക്സിക്യൂട്ടീവ് എഡിറ്ററായിട്ടുള്ള കാരവൻ മാസികയാണ്.
ഡയറിയിലെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്നാണ് യെദിയൂരപ്പയുടെ വാദം. ഈ രേഖകൾ ആദായനികുതി വകുപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതാണ്. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് മാനനഷ്ടക്കേസ് നൽകുമെന്നും യെദിയൂരപ്പ പറഞ്ഞു. ബിജെപി നേതാക്കൾക്ക് പണം നൽകിയത് 2009 ജനുവരി 17നും ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നൽകിയത് 2009 ജനുവരി 18നും ആണെന്നാണു രേഖയിൽ പറയുന്നത്.
രണ്ട വർഷം മുൻപ് 2017 ൽ യെദിയൂരപ്പയും അന്തരിച്ച ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നൽകിയ വിവരം യെദിയൂരപ്പ ഫോണിൽ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കർണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയർത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഈ ഡയറി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.
അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ അറസ്റ്റിലായ ജനാർദന റെഡ്ഡിയെക്കുറിച്ചുള്ള പരാമർശവും ഡയറിയിലുണ്ടെന്നതാണ് ബിജെപിയെ കൂടുതൽ വെട്ടിലാക്കുന്നത്. റെഡ്ഡിയുമായി ബന്ധമില്ലെന്ന് ബിജെപി പറയുമ്പോഴും യെദിയൂരപ്പയെ മുഖ്യമന്ത്രിയാകാൻ സഹായിച്ചത് അദ്ദേഹമാണെന്ന് ഡയറിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.