കര്‍ഷകരെ കൂട്ടുപിടിച്ച് യെദിയൂരപ്പയുടെ തന്ത്രം

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി ബി.എസ്. യെദിയൂരപ്പ. ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ വ്യാഴാഴ്ച രാവിലെയാണ് ബി.എസ്. യെദിയൂരപ്പ കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.

Related posts