തന്റെയും ബിജെപി സര്‍ക്കാരിന്റെയും ഭാവി തുലാസിലിരിക്കെ, കോണ്‍ഗ്രസ് സ്വകാര്യ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കവെയാണ് യെദിയൂരപ്പ ഇക്കാര്യം പറഞ്ഞത്.
ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ അത്രയും ദിവസം ആവശ്യമില്ല. ബംഗളൂരുവിനു പുറത്ത് സ്വകാര്യ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യും. ഞങ്ങള്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. യെദിയൂരപ്പ പറഞ്ഞു.
തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയിലാണ് കോണ്‍ഗ്രസും ജനതാദളും എംഎല്‍എമാരെ സ്വകാര്യ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എംഎല്‍എമാരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ പോലും പിടിച്ചുവാങ്ങിയിരിക്കുകയാണ്. ജീവിത പങ്കാളിയെ വിളിക്കാന്‍ പോലും അവര്‍ എംഎല്‍എമാരെ അനുവദിക്കുന്നില്ല. യെദിയൂരപ്പ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.