മുഖ്യമന്ത്രി കസേര വാഴാത്ത യെദിയൂരപ്പ, മൂന്നു തവണ മുഖ്യമന്ത്രി, മൂന്നിലും പാതിവഴിയില്‍ കാലിടറി, നാണക്കേടുകള്‍ മാത്രം മിച്ചം, ക്ലാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വീഴ്ച്ചയുടെ ചരിത്രം ഇങ്ങനെ

ഒരിക്കല്‍ക്കൂടി യെദിയൂരപ്പ മുഖ്യമന്ത്രി. പറഞ്ഞു തീരുംമുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയെന്ന് വേണമെങ്കില്‍ അദേഹത്തെ വിശേഷിപ്പിക്കാം.

മൂന്നാം തവണയാണ് കാലാവധി തികയ്ക്കാതെ യെദിയൂരപ്പ പടിയിറങ്ങുന്നത്. ജെഡി-എസുമായുണ്ടായ ധാരണയനുസരിച്ച് 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞത്.

എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഏതാനും എംഎല്‍എമാരുടെ കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരെയും പ്രതിപക്ഷ എംഎല്‍എമാരെയും വശത്താക്കി ഭൂരിപക്ഷമുണ്ടാക്കി.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദിയൂരപ്പയല്ലാതെ മറ്റൊരു പേര് ബിജെപിക്കില്ലായിരുന്നു. ഓപ്പറേഷന്‍ ലോട്ടസ് എന്നു പേരിട്ട ചാക്കിട്ടുപിടിത്തത്തിലൂടെ നിരവധി പ്രതിപക്ഷ എംഎല്‍എമാരെ യെദിയൂരപ്പ ബിജെപി പക്ഷത്താക്കി. എന്നാല്‍, മൂന്നു വര്‍ഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യെദിയൂരപ്പയ്ക്കു കഴിഞ്ഞുള്ളൂ.

അനധികൃത ഭൂമിയിടപാടു കേസില്‍ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നു. പദവിയില്‍ തുടരാന്‍ പരാമാവധി ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു.

തുടര്‍ന്നു ഡി.വി. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണു സദാനന്ദ ഗൗഡയ്ക്കു പദവിയിലിരിക്കാന്‍ കഴിഞ്ഞത്. യെദിയൂരപ്പയുടെ എതിര്‍പ്പിനെത്തുടര്‍ന്നു സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി.

ബിജെപിയില്‍ അസംതൃപ്തനായി കഴിഞ്ഞിരുന്ന യെദിയൂരപ്പ 2012 നവംബര്‍ 30നു കര്‍ണാടക ജനപക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. ശ്രീരാമലുവും ബിജെപി വിട്ട് ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അംഗബലം വെറും 40 സീറ്റിലേക്ക് ഒതുങ്ങാന്‍ കാരണം യെദിയൂരപ്പയുടെ പാര്‍ട്ടിയായിരുന്നു.

പത്തു സീറ്റ് നേടിയ കെജെപി പത്തു ശതമാനം വോട്ടും നേടി. വടക്കന്‍ കര്‍ണാടകത്തിലെ ലിംഗായത്ത് മേഖലകളെല്ലാം ബിജെപിയെ കൈവിട്ടു. കോണ്‍ഗ്രസ് കര്‍ണാടക തിരിച്ചുപിടിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഒരു റോളുമില്ലാതെ കഴിയവേ താന്‍ ബിജെപിയിലേക്ക് ഉപാധികളില്ലാതെ മടങ്ങുകയാണെന്നു യെദിയൂരപ്പ പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തവേ എല്ലാവിധ പിന്തുണയുമായി യെദിയൂരപ്പ രംഗത്തെത്തി.

ഏതാനും മാസങ്ങള്‍ക്കകം മോദി ബിജെപിയുടെ അനിഷേധ്യ നേതാവായതോടെ വീണ്ടും യെദിയൂരപ്പയുടെ നല്ലകാലം തെളിഞ്ഞു. ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച യെദിയൂരപ്പ 363,305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ ഇദ്ദേഹത്തിനു മോദി മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്.

2016ല്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ യെദിയൂരപ്പ കര്‍ണാടക ബിജെപിയില്‍ പിടിമുറുക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ യെദിയൂരപ്പയെ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി. അതേസമയം, മകനെ സ്ഥാനാര്‍ഥിയാക്കാനുള്ള യെദിയൂരപ്പയുടെ നീക്കം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല.

കര്‍ണാടക ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ അകമഴിഞ്ഞ പിന്തുണയാണു യെദിയൂരപ്പയുടെ ശക്തി. വീരേന്ദ്ര പാട്ടീലിനു ശേഷം ഇത്ര തലയെടുപ്പുള്ള ലിംഗായത്ത് നേതാവ് ഉണ്ടായിട്ടില്ല.

മതപദവി നല്കി ലിംഗായത്ത് വിഭാഗത്തെ പാട്ടിലാക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം പാളി. യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നതു തടയാനാണു മതപദവി നല്കിയതെന്ന ബിജെപിയുടെ പ്രചാരണം ലിംഗായത്തുകളെ സ്വാധീനിച്ചു.

വടക്കന്‍-മധ്യ കര്‍ണാടകയില്‍ മിക്ക ലിംഗായത്ത് ഭൂരിപക്ഷ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ അവസാന നിമിഷം വീണ്ടും കാലിടറി നാണംകെട്ടു പുറത്തു പോകാനായിരുന്നു ഇത്തവണയും യെദിയൂരപ്പയുടെ വിധി.

Related posts