കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിരുണ്ടെന്നാണ് തലശേരി ചൊക്ലി ബാല കമലത്തിൽ ഇരുപതുകാരനായ യദുകൃഷ്ണൻ പറയുന്നത്. കഴുതയുടെ കാൽ മാത്രമല്ല, കഴുതയെ കൂട്ടത്തോടെ അങ്ങ് വാങ്ങി ഒരു ഫാം നടത്തി വിജയത്തേരിലാണ് യദുകൃഷ്ണൻ ഇന്ന്. രണ്ട് ഡസൻ കഴുതകൾ സ്വന്തമായുള്ള ഫാമിന്റെ ഉടമയാണ് ഇന്ന് യദു.
പശുഫാമിനെ ലാഭത്തിലാക്കാൻ കഴുത ഫാം
നഷ്ടത്തിലായ അച്ഛന്റെ പശുഫാമിനെ ലാഭത്തിലാക്കാനുള്ള വഴി തേടി നടന്ന യദുകൃഷ്ണൻ ഒടുവിൽ എത്തിയത് കഴുതപ്പാലിലാണ്. കഴുതപ്പാൽ ആരോഗ്യത്തിന് നല്ലതാണെന്ന പണ്ടെങ്ങോ കേട്ടറിവ് സത്യമാണെന്ന് ഗൂഗിളിലൂടെ നടത്തിയ തെരച്ചിലിൽ ഊട്ടിയുറപ്പിച്ചു. പിന്നീട് കഴുതകളെക്കുറിച്ചുള്ള പഠനമായിരുന്നു. എത്രയിനം കഴുതകളുണ്ട്, അവയുടെ പരിപാലനം എങ്ങനെ… എന്ത് തീറ്റ നൽകും തുടങ്ങി കഴുത പരിപാലനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തി.
യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു കൂടുതൽ വിവരങ്ങളും ലഭിച്ചത്. പിന്നീട് കഴുതകളെ എവിടെ ലഭിക്കും എന്ന അന്വേഷണമായിരുന്നു. അതിനും യൂട്യൂബിന്റെ സഹായം തേടി. കഴുതകളെ നോക്കാനായി തമിഴ്നാടിലേക്ക് പോയപ്പോൾ അച്ഛന്റെയും സുഹൃത്തിന്റെയും സഹായം തേടിയെങ്കിലും ആന്ധ്രപ്രദേശിലേക്ക് തനിയെയാണ് പോയത്. ഇവിടെ നിന്ന് രണ്ട് ഡസൻ കഴുതകളെ വാങ്ങി. യദുകൃഷ്ണൻ വാങ്ങിയ കാഴ്ചയിൽ കുതിരകളെ പോലെ തോന്നിക്കുന്ന കഴുതകൾ ഇന്ന് വശംനാശ ഭീഷണിയിലാണ്. അതിൽ നിന്ന് അവയെ രക്ഷിക്കുകയെന്ന ലക്ഷ്യവും യദുകൃഷ്ണയുടെ കഴുത വളർത്തലിന് പിന്നിലുണ്ടായിരുന്നു.
ചില സമയങ്ങളിൽ കഴുതകൾ അക്രമകാരികളാകാറുണ്ട്..അത് ഭക്ഷണം കഴിക്കുമ്പോൾ ശല്യപ്പെടുത്തിയാലോ..പാൽ കറന്നെടുക്കുമ്പോഴോ… അതിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോഴോ അത് തിരിച്ച് പ്രതികരിക്കും. എന്നാൽ, ഈ സമയത്ത് തിരിച്ച് അക്രമിക്കാൻ നിന്നാൽ ഇവ കൂടുതൽ അക്രമാസക്തമാകും.
കൂടുതൽ ദേഹോദ്രപങ്ങളൊന്നും ചെയ്യില്ല… തൊട്ടും തലോടിയും കഴുതയെ മെരുക്കിയെടുക്കാമെന്നാണ് യദുകൃഷ്ണ പറയുന്നത്. കഴുതകളെ കെട്ടിയിട്ട് വളർത്തേണ്ട. അവയ്ക്ക് ഇഷ്ടാനുസരണം നടക്കാനും പുല്ലും വെള്ളവും കുടിക്കാനും ഉള്ള ഒരു സ്ഥലം വേണം. അതിനായി ഒരു കോംപൗണ്ട് തിരിക്കുന്നതാണ് ഉചിതമെന്ന് യദുകൃഷ്ണ പറഞ്ഞു.
മിറക്കിൾ ഡോങ്കീസിന്റെ പിറവി
അച്ഛന്റെ പശുഫാമിനോട് ചേർന്ന് കഴുതയെ പരിപാലിക്കാൻ ഉതുകുന്ന തരത്തിൽ ഒരു ചെറിയ ഫാം സെറ്റു ചെയ്തു. പിന്നീട് കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി. കഴുതകളെ വാങ്ങി ചൊക്ലിയിലെത്തിച്ചു. ഫാമിന് പുറത്ത് കഴുതപ്പാൽ സുവർണ പാനീയം എന്നൊരു ബോർഡും തൂക്കി. അങ്ങനെ കഴിഞ്ഞ മാസം 24ന് “മിറക്കിൾ ഡോങ്കീസ്’ എന്നപേരിൽ മലബാറിലെ ആദ്യത്തെ ഡോങ്കി ഫാമിന് തുടക്കം കുറിച്ചു.
ഹെല്ലേരി, കത്തേവാടി എന്നീ ബ്രീഡുകളാണ് യദുകൃഷ്ണന്റെ ഫാമിലുള്ളത്. കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ ലൈഫ് സ്റ്റോക്ക് ഡയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തലിലേക്ക് കടന്നത്. നഷ്ടത്തിലോടുന്ന അച്ഛൻ ബാഷിന്റെ ഫാമിൽ നിന്നും എട്ട് പശുക്കളെ വിറ്റ് കിട്ടിയ പണവും പാനൂർ ബ്ലോക്ക് വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിച്ച പണവും ഉപയോഗിച്ചാണ് കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായവുമായി എപ്പോഴുമുണ്ട്.
കഴുത വളർത്തലിന് ചെലവേറെ
കഴുത വളര്‍ത്തലിലൂടെ വലിയ വരുമാനം നേടാനാവുമെങ്കിലും അവയ്ക്ക് ചെലവും വളരെ വലുതാണ്. ഒരു മുന്തിയ ഇനം കഴുതയെ വാങ്ങാൻ 50000 മുതല്‍ ഒരുലക്ഷം രൂപ വരെ വേണം. ധാരാളം പാല് ലഭിക്കണമെങ്കില്‍ അവയ്ക്ക് നന്നായി പോഷകാഹാരം നല്‍കണം. എന്നാൽ, ഇത്രയധികം പണം നൽകി വാങ്ങിക്കുന്ന കഴുതക്ക് ശരിയായ പരിപാലനം ലഭിച്ചില്ലെങ്കിൽ ചത്തുപോകുമെന്നും അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ ഇതിന് നൽകണമെന്നും യദുകൃഷ്ണ പറഞ്ഞു.
കൈകൾ ഉപയോഗിച്ചാണ് കഴുതയെ കറക്കുന്നത്. ഒരു ലിറ്റര്‍ കഴുതപ്പാലിന് വിപണിയില്‍ 5000 മുതല്‍ 7000 രൂപ വരെ വിലയുണ്ട്. നാടൻ കഴുതയിൽ നിന്ന് ഒരു ദിവസം 300- 500 മില്ലിലിറ്റർ പാലേ കിട്ടു. എന്നാൽ, ഹൈ ബ്രീഡ് ഇനങ്ങൾ രണ്ട് ലിറ്റർ പാൽവരെ തരും. എട്ട് മാസം വരെ ഒരു കഴുതയെ കറക്കാം. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ച് മാസം വരെ സൂക്ഷിക്കാം.
സൗന്ദര്യം കൂട്ടാൻ കഴുതപ്പാൽ
കഴുതയെ പൊതുവെ ഭാരം ചുമക്കുന്ന മൃഗമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, കഴുതപ്പാലിന്റെ ഔഷധ ഗുണത്തെ പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. കഴുതപ്പാലില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുലപ്പാലിന് തുല്യമായപോഷക മൂല്യങ്ങളും പ്രതിരോധ ശേഷിയുമുണ്ട് കഴുതപ്പാലിന്.
മാത്രമല്ല നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് കഴുതപ്പാല്. ഈ ഗുണങ്ങൾ അറിഞ്ഞ് കഴുത വളർത്തൽ ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴേക്കും കഴുതപ്പാൽ വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ടെന്ന് യദുകൃഷ്ണൻ പറയുന്നു. ചോളത്തണ്ട്, ചോളപ്പൊടി, പച്ചപ്പുല്ല് , ഉണക്കപ്പുല്ല് എന്നിവയാണ് കഴുകൾക്ക് തീറ്റ. ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽ നിന്ന് വാഹനം വന്നാണ് ശേഖരിക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള മറ്റൊരു ഫാമിൽ നിന്നും പാൽക്കട്ടിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
അനുമോൾ ജോയ്