കിഴക്കമ്പലം: വീട്ടുമുറ്റത്ത് ഈന്തപ്പഴം നുകർന്ന് ഡോക്ടർ – അധ്യാപിക ദമ്പതികൾ ശ്രദ്ധേയമാകുന്നു. അമൃത ഡെന്റൽ കോളജിലെ പ്രോസ്റ്റഡോണ്ടിക് വിഭാഗം മേധാവി കിഴക്കമ്പലം ചെമ്മലപ്പടി മുട്ടുവഞ്ചേരി ഡോ.അനിൽ മാത്യു, ഭാര്യ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജിജി ഏലിയാസ് എന്നിവരുടെ വീട്ടുമുറ്റത്താണ് നാട്ടിലെങ്ങും അധികമില്ലാത്ത ഈന്തപ്പനകൾ കായ്ച്ചു നിൽക്കുന്നത്.
2009 ൽ തൃശൂർ വെള്ളാനിക്കരയിലെ ടിയോസ് ഓർക്കിട്സ് ആൻഡ് നഴ്സറിയിൽനിന്നുമാണ് നാല് തൈകൾ വാങ്ങിയത്. ഇവയിൽ രണ്ടെണ്ണം കായ്ച്ച് നിൽക്കുന്നവയാണ്. പഴങ്ങൾ താഴെ വീഴുന്ന തരത്തിൽ പഴുത്ത അവസ്ഥയിലാണ്.
ഫാമിംഗിൽ താല്പര്യമുള്ള അനിൽ വീട്ടുവളപ്പിലെ ഓർക്കിഡിനോടൊപ്പമാണ് തൈകൾ നട്ടിരുന്നത്.
ഈന്തപ്പനയുടെ വളർച്ചക്കായി പ്രത്യേകം വളങ്ങളോ വെള്ളമോ നൽകിയിരുന്നില്ല. പനയോടൊപ്പം വെച്ചു കെട്ടിയിരുന്ന ഓർക്കിഡിന് ലഭിക്കുന്ന വെള്ളമാണ് പനയ്ക്കും ലഭിച്ചിരുന്നത്.