പത്തനംതിട്ടയില്‍ യക്ഷി! അര്‍ധരാത്രിയില്‍ സ്കൂട്ടറിനെ തടഞ്ഞ വെള്ളസാരിക്കാരി ആര് ? തീകൊളുത്തി മരിച്ച പെണ്‍കുട്ടിയാണ് യക്ഷിയായി വിലസുന്നതെന്നാണ് ചിലര്‍

yekshi

പത്തനംതിട്ട: പത്തനംതിട്ടയിലെ ജനങ്ങള്‍ ആകെ ഭീതിയിലാണ്. എവിടെയും കേള്‍ക്കുന്നത് യക്ഷികളേക്കുറിച്ചുള്ള വാര്‍ത്തകള്‍. യക്ഷികളെ പേടിച്ചിട്ട് പത്തനംതിട്ടക്കാര്‍ക്ക് രാത്രിയില്‍ വീട്ടിനുവെളിയില്‍ ഇറങ്ങാന്‍ കഴിയില്ലാത്ത അവസ്ഥയാണ്. അര്‍ദ്ധരാത്രിയില്‍ വെള്ളസാരിക്കാരി യുവതി സ്കൂട്ടറിനെ തടഞ്ഞു നിര്‍ത്തുന്നതടക്കമുള്ള യക്ഷിക്കഥകള്‍ കാട്ടുതീ പോലെ വ്യാപിക്കുകയാണ്. ചില പ്രത്യേക സ്ഥലങ്ങളില്‍ യക്ഷികള്‍ പകല്‍സമയത്തും പുറത്തിറങ്ങുന്നുണ്ട് എന്നാണ് കേഴ്‌വി. മയക്കുമരുന്നു കച്ചവടക്കാരുടെ വേലയാണിതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ യക്ഷിയുടെ സാമീപ്യം അനുഭവിച്ചവര്‍ക്ക് അത് നടുക്കുന്ന ഓര്‍മയാണ്. പന്തളത്തിന് അടുത്ത് മങ്ങാരം, പത്തനംതിട്ടയ്ക്ക് സമീപം ചെന്നീര്‍ക്കര എന്നിവിടങ്ങളിലാണ് യക്ഷിയുടെ വിളയാട്ടം കൂടുതലും. പന്തളത്തെ യക്ഷിയ്ക്കു രാപകല്‍ ഭേദമൊന്നുമില്ല നട്ടുച്ചയ്ക്കാണ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. ചെന്നീര്‍ക്കരയിലെ യക്ഷിയാവട്ടെ പരമ്പരാഗത രീതിയില്‍ അര്‍ധരാത്രിയിലാണ് ഇറങ്ങുന്നത്.

കഴിഞ്ഞ മാസം 21 നാണ് മറന്നു വച്ച ബുക്ക് എടുക്കാന്‍ വേണ്ടി പോയ പന്തളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അഭിഷേകിനെ അജ്ഞാത സ്ത്രീ  മുട്ടാര്‍ ജംഗ്ഷനിലെ യക്ഷിക്കാവിനു മുന്നിലിട്ട് ആക്രമിച്ചത്. സമയം നട്ടുച്ചയായിരുന്നു. കുട്ടി ചെല്ലുമ്പോള്‍ വിജനമായ സ്ഥലത്ത് കാവിന്റെ മതിലിനോട് ചേര്‍ന്നു കിടക്കുകയായിരുന്നുവത്രേ ഇവര്‍. കുട്ടി അടുത്തെത്തിയപ്പോള്‍ ഇവര്‍ കുട്ടിയുടെ ഇടതു കൈയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. കുട്ടി രക്ഷപ്പെടാന്‍ കുതറുന്നതിനിടെ ഇവര്‍ മുരണ്ടു കൊണ്ട് കൈമുഴുവന്‍ മാന്തിക്കീറി. ഭയന്നു പോയ കുട്ടി അലറി വിളിച്ചെങ്കിലും വിജനപ്രദേശമായിരുന്നതിനാല്‍ ആരും കേട്ടില്ല. ഒടുവില്‍ സ്ത്രീയെ തള്ളിമറിച്ചിട്ട് കുട്ടി രക്ഷപ്പെടുകയായിരുന്നു. ഭയന്നു വിറച്ച് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും  ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് യക്ഷിക്കഥ നാട്ടില്‍ പരക്കുന്നത്. പലരുടെയും ഭാവന കഥകളെ കൂടുതല്‍ പൊലിപ്പിക്കുന്നുമുണ്ട്. തന്നെ ആക്രമിച്ച സ്ത്രീക്ക് 60 വയസു വരുമെന്നും കാപ്പിപ്പൊടിയും ചന്ദനവും നിറങ്ങള്‍ കലര്‍ന്ന സാരിയാണ് വേഷമെന്നും മുഖത്ത് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും അഭിഷേക് പറയുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ യക്ഷിയുടെ ഗുണങ്ങള്‍ ഒന്നുംതന്നെയില്ലെന്നു സാരം. എന്നാല്‍ യക്ഷിക്ക് ഏതുവേഷം വേണമെങ്കിലും സ്വീകരിക്കാമല്ലോ എന്നാണ് യക്ഷിക്കഥയുടെ പ്രചാരകര്‍ വാദിക്കുന്നത്.

10 കിലോമീറ്ററിന് അപ്പുറം ചെന്നീര്‍ക്കരയില്‍ പ്രത്യക്ഷപ്പെട്ടത് ഇതേ യക്ഷിയാണോ എന്നൊരു സംശയവും ബാക്കി നില്‍ക്കുകയാണ്.
ചെന്നീര്‍ക്കര ഗവ. ഐടിഐയുടെ പരിസരങ്ങളിലെ ഇടവഴികളില്‍ യക്ഷി പ്രത്യക്ഷപ്പെടുന്നുവെന്നാണ് വാര്‍ത്ത. അടുത്തിടെ ഐടിഐയിലെ തീകൊളുത്തി മരിച്ച പെണ്‍കുട്ടിയാണ് ഇവിടെ യക്ഷിയായി വിലസുന്നതെന്നാണ് ചിലര്‍ പറയുന്നത്. ദുരൂഹസാഹചര്യത്തില്‍ മറ്റൊരു യുവതിയും ഇവിടെ മരിച്ചിട്ടുണ്ട്. ആ യുവതിയും യക്ഷിയാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി രണ്ടിന് സ്കൂട്ടറില്‍ വീട്ടിലേക്കു വന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാരനായ യുവാവ് യക്ഷിയെ നേരിട്ടു കണ്ടുവത്രേ. കണ്ണങ്കര ഐടിഐ റോഡില്‍ മാത്തൂരിലേക്ക് തിരിയുന്ന വളവില്‍ വച്ച് വെള്ള വസ്ത്രം ധരിച്ച സ്ത്രീരൂപം വാഹനം തടയുകയായിരുന്നു. ഭയന്നു വിറച്ച ഇയാള്‍ സ്കൂട്ടറും മറിച്ചിട്ട് അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയുകയായിരുന്നു. ആളെക്കൂട്ടി തിരിച്ചുചെന്നപ്പോള്‍ സ്കൂട്ടര്‍ മാത്രം അവിടെ കിടന്നിരുന്നു.

ശാലോം സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ഐടിഐയിലേക്ക് വരുന്ന ഇടവഴികളില്‍ യക്ഷിയെ കണ്ടുവെന്നും പ്രചാരണമുണ്ടായിരുന്നു. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഐ.ടി.ഐ പരിസരങ്ങളിലും വിദ്യാലയ പരിസരങ്ങളിലും വന്‍തോതില്‍ എത്തുന്നുവെന്ന് കഴിഞ്ഞ കുറെക്കാലമായി പരാതികളുണ്ട്. രാത്രികാലങ്ങളില്‍ ഇവിടേക്ക് ലഹരി വസ്തുക്കളുടെ കടത്തുണ്ടെന്നും നാട്ടുകാരെ ഭയപ്പെടുത്താനാണ് യക്ഷികളെ ഇറക്കി വിട്ടിരിക്കുന്നതെന്നും ചിലര്‍ പറയുന്നു. എന്തായാലും പോലീസ് യക്ഷിവേട്ടയ്‌ക്കൊരുങ്ങുകയാണ്.

Related posts