ലോകത്ത് ഇതുപോലൊരു പ്രസവത്തിന്റെ ചരിത്രം ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോയെന്നു സംശയം. തലക്കെട്ട് വായിച്ചാൽ ഏതൊരാളും പറയും, അസാധ്യം, അവിശ്വസനീയം… എന്നാൽ, സംഗതി സത്യം തന്നെയാണ്.
ആശുപത്രിയിൽ ചെന്ന് ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞ് അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവതി ഒരു കുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും ഇന്നും സുഖമായിരിക്കുന്നു.
2016ൽ തന്റെ ജീവിതത്തിൽ സംഭവിച്ച ആ വിസ്മയ സംഭവം ഈ ക്രിസ്മസ് കാലത്ത് ഒരിക്കൽകൂടി ഒാർമിക്കുകയായിരുന്നു അമേരിക്കയിലെ ക്ലെവാൻഡിൽനിന്നുള്ള എല്ലി ഒാപർ. മകൻ ഒലിവറിനൊപ്പമിരുന്ന് ആ കഥ മാധ്യമങ്ങളോടു പറയുന്പോൾ എല്ലിയുടെ മുഖത്ത് അദ്ഭുതമോ നാണമോ എന്തൊക്കെയോ മിന്നിമറയുന്നു.
ആ ക്രിസ്മസ് കാലം
2016ലെ ക്രിസ്മസ് കാലത്താണ് അമേരിക്കയിലെ ക്ലെവ്ലാൻഡിൽനിന്നുമുള്ള എല്ലി ഓപർ മകൻ ഒലിവറിന് ജന്മം കൊടുക്കുന്നത്. കോളജ് വിദ്യാർഥിനിയായ എല്ലി താൻ ഗർഭിണിയാണെന്നറിഞ്ഞതോടെ മകൻ ജനിക്കുന്നതിനു അരമണിക്കൂർ മുന്പും.
2016 ഡിസംബർ 21ന് ഉറക്കമുണരുന്പോൾ എല്ലിക്ക് അന്നും സാധാരണ ദിവസം തന്നെയായിരുന്നു. പതിവു പോലെ ചീയർലീഡിംഗ് പ്രാക്ടീസിനു പോയി. പക്ഷേ, തിരിച്ചെത്തിയപ്പോൾ കഠിനമായ വയറുവേദന തുടങ്ങി.
കുറച്ചുനാൾ മുന്പ് ഗർഭിണി ആയോ എന്ന സംശയത്തിൽ ഒന്നു രണ്ടു തവണ പ്രഗ്നൻസി ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ, ഗർഭിണി അല്ല എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
അതിനാൽ ആർത്തവത്തിന്റേതാകുമെന്നു കരുതി വേദന സംഹാരി കഴിച്ചെങ്കിലും വേദനയ്ക്കു യാതൊരു കുറവുമില്ല. അന്നു മുഴുവൻ വേദന അനുഭവപ്പെട്ടു.
ഒരു വിധത്തിൽ രാത്രി പിന്നിട്ടു. പിറ്റേ ദിവസവും വേദന കൂടി വരുന്നതല്ലാതെ കുറയുന്നില്ല. അതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്.
കിഡ്നി സ്റ്റോൺ!
ഗർഭിണി ആണെന്നുള്ള യാതൊരു ധാരണയും ഇല്ലാതിരുന്നതിനാൽ ആദ്യം ഡോക്ടർമാരും വയറുവേദനയുടെ മറ്റു കാരണങ്ങളാണ് തേടിയത്. കിഡ്നി സ്റ്റോൺ ആയിരിക്കുമെന്ന നിഗമനത്തിലാണ് ആദ്യ പരിശോധനകൾ തുടങ്ങിയത്.
എന്നാൽ, അതിനുള്ള ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ കൂടുതൽ പരിശോധന ആരംഭിച്ചു. അപ്പോഴാണ് ഡോക്ടർമാരും രോഗിയും ഞെട്ടിയത്.
എല്ലി 38 ആഴ്ച ഗർഭിണിയാണ്… അതായത് ഏതാണ്ട് പൂർണഗർഭിണി! കലശലായ പ്രസവവേദനയാണ് താൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ അവൾക്കു വിശ്വസിക്കാനായില്ല.
സാധാരണ ജീവിതം
ഡിസംബർ 23ന് ശസ്ത്രക്രിയയിലൂടെ എല്ലി ഒലിവറിനു ജന്മം നൽകി. അത്ഭുതകരമായ ജനനത്തോടൊപ്പം മറ്റൊരു സന്തോഷവും ഈ പ്രസവം എല്ലിയുടെ കുടുംബത്തിലേക്കുകൊണ്ടു വന്നു.
പൂർണ ഗർഭിണിയായിട്ടും എല്ലിയുടെ വയറിനു കാര്യമായ വലിപ്പം വച്ചിരുന്നില്ല. മാത്രമല്ല, സാധാരണ ഗർഭിണികൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പലതും അവൾക്ക് അനുഭവിക്കേണ്ടിയും വന്നിരുന്നില്ല. ഇടയ്ക്ക് ചെറിയ അസ്വസ്ഥത തോന്നിയപ്പോഴാണ് ഗർഭിണിയാണോ എന്ന പരിശോധനയ്ക്കു വിധേയയായത്.
എന്നാൽ, അല്ല എന്നു ഫലം കിട്ടിയതോടെ ഗർഭിണിയാണെന്ന യാതൊരു ധാരണയും അവൾക്കില്ലായിരുന്നു. അതുകൊണ്ടു നിത്യജീവിതത്തിൽ യാതൊരു മാറ്റങ്ങളുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു അവൾ.
ഇപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം ഗർഭിണിയായ ശേഷവും ആർത്തവം നിലച്ചപ്പോൾ സംശയം തോന്നിയില്ലേ എന്നതായിരിക്കും. എന്നാൽ, എല്ലി പറയുന്നതു കേട്ടോളൂ. ആർത്തവം നേരത്തെയും ക്രമമായിരുന്നില്ല.
അതുകൊണ്ട് അത് അത്രകാര്യമാക്കിയില്ലത്രേ. 43 വർഷങ്ങൾക്കു ശേഷം അവരുടെ കുടുംബത്തിൽ ജനിക്കുന്ന ആണ്കുട്ടി. മിടുക്കനായി വളരുന്ന ഒലിവർ ജനിച്ചതിൽ പിന്നെ എല്ലാ ക്രിസ്മസും തനിക്കു പ്രിയപ്പെട്ടതാണെന്നും ശരിക്കുമൊരു ക്രിസ്മസ് അദ്ഭുതമാണ് ഈ നാലു വയസുകാരനെന്നും എല്ലി പറയുന്നു.