താത്വികമായ ഒരു അവലോകനമാണ് ഉദ്ദേശിക്കുന്നത്. ഒന്ന്, ലോകത്തിൽ മഞ്ഞജഴ്സിക്കാർക്കുള്ളത്ര ആരാധകരും കിരീടനേട്ടങ്ങളും മറ്റ് ജഴ്സിക്കാർക്ക് ഇല്ലെന്ന് പ്രഥമദൃഷ്ട്യാ പറയേണ്ടിവരും.
ഉദാഹരണത്തിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം, ബ്രസീൽ ഫുട്ബോൾ ടീം, എൻബിഎയിലെ ലോസ് ആഞ്ചലസ് ലേക്കേഴ്സ്, ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ്. രണ്ട്, മഞ്ഞ നിറം… അതു സൂര്യനെ സൂചിപ്പിക്കുന്നു…
ശുഭപ്രതീക്ഷ, സന്തോഷം, സൗഹൃദം, മനസും ബുദ്ധിയും ഇതിനെയെല്ലാം മഞ്ഞ പ്രതിനിധാനം ചെയ്യുന്നു. അസൂയ, ചതി, അപകടം തുടങ്ങിയവയുമായി മഞ്ഞയെ ബന്ധിപ്പിക്കുന്നവരുമുണ്ട്. അതു വിട്ടുകളഞ്ഞാൽ മഞ്ഞയിഷ്ടം…
മഞ്ഞ ദുബായ്
2021ൽ ദുബായ് രണ്ട് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിനു വേദിയായി. ആദ്യത്തേത് ഐപിഎൽ, രണ്ടാമത്തേത് ഐസിസി ലോകകപ്പ്. രണ്ടിലും കിരീടം സ്വന്തമാക്കിയത് മഞ്ഞ ജഴ്സിക്കാർ. ഐപിഎൽ 2021 കിരീടം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന്. ഐസിസി 2021 ലോകകപ്പ് കിരീടം മഞ്ഞപ്പടയായ ഓസ്ട്രേലിയയ്ക്കും. അതോടെ ദുബായ് പരിപൂർണമായി മഞ്ഞയണിഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് സർവസാധാരണമായി അറിയപ്പെടുന്നത് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) എന്നാണ്. ക്രിക്കറ്റ് എന്നാൽ ഓസ്ട്രേലിയ എന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഒരുപക്ഷേ ചിന്തിച്ചുപോകും.
കാരണം, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഇതുവരെ അപ്രാപ്യമായിരുന്ന പരിമിത ഓവർ ചാന്പ്യൻഷിപ്പായിരുന്നു പുരുഷന്മാരുടെ ഐസിസി ട്വന്റി-20 ലോകകപ്പ്. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിൽ ഇത്തവണ ഓസ്ട്രേലിയ അതും സ്വന്തമാക്കി.
ഇതോടെ ഓസ്ട്രേലിയൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ നേടിയ ഐസിസി ട്രോഫികളുടെ എണ്ണം 19 ആയി. അതിന്റെ കണക്ക് ഇങ്ങനെ:
പുരുഷ ടീം: ഏകദിന ലോകകപ്പ് (1987, 1999, 2003, 2007, 2015). ചാന്പ്യൻസ് ട്രോഫി (2006, 2009). ട്വന്റി-20 ലോകകപ്പ് (2021). ആകെ: 8.
വനിതാ ടീം: ഏകദിന ലോകകപ്പ് (1978, 1982, 1988, 1997, 2005, 2013). ട്വന്റി-20 ലോകകപ്പ് (2010, 2012, 2014, 2018, 2020). ആകെ: 11.
വാർണർ റിട്ടേണ്‍സ്
ഐപിഎല്ലിനിടെ മോശം പ്രകടനത്തിന്റെ പേരിൽ പഴികേട്ട് പുറത്താക്കപ്പെട്ട താരമാണു ഡേവിഡ് വാർണർ. ഒക്ടോബറിൽ വാർണറിനെ പുറത്താക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അഴിച്ചു പണിതു.
നവംബറിൽ യുഎഇയിൽവച്ച് ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി വാർണർ മിന്നിത്തിളങ്ങി. ന്യൂസിലൻഡിനെതിരായ ഫൈനലിൽ ഓസ്ട്രേലിയയുടെ എട്ട് വിക്കറ്റ് ജയത്തിനു വളമേകിയ അർധസെഞ്ചുറിയടക്കം 48.16 ശരാശരിയിൽ 289 റണ്‍സ് വാർണറിന്റെ ബാറ്റിൽനിന്നു പിറന്നു. മൂന്ന് അർധസെഞ്ചുറികളാണു വാർണർ ഈ ലോകകപ്പിൽ നേടിയത്,
32 ഫോറും 10 സിക്സും പറത്തി. ടൂർണമെന്റിന്റെ താരമായതും വാർണർതന്നെ.
തൊട്ടുപിന്നാലെ വാർണറിന്റെ ഭാര്യയുടെ ഒരു ട്വീറ്റ് എത്തി. ’ഔട്ട് ഓഫ് ഫോം, പ്രായക്കൂടുതലും വേഗക്കുറവും! അഭിനന്ദനങ്ങൾ’.
മാർഷ്, സാംപ, ടോസ്
ഓസ്ട്രേലിയയുടെ കന്നി ട്വന്റി-20 ലോകകപ്പ് ജയത്തിലെ രണ്ടു സുപ്രധാന താരങ്ങളാണു മിച്ചൽ മാർഷും ആദം സാംപയും. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയത്, 50 പന്തിൽ പുറത്താകാതെ 77 റണ്‍സ് നേടിയ മിച്ചൽ മാർഷ്.
2021ൽ മാർഷ് അസാധ്യ ഫോമിലായിരുന്നു. 2021വരെ മാർഷിന്റെ രാജ്യാന്തര പ്രകടനം 15 മത്സരം, 258 റണ്‍സ്, 23.45 ശരാശരി, ഏഴ് വിക്കറ്റ്. എന്നാൽ, 2021ൽ 21 മത്സരം, 627 റണ്‍സ്, 36.88 ശരാശരി, എട്ട് വിക്കറ്റ്, ആറ് അർധസെഞ്ചുറി എന്നിങ്ങനെയായി. അതിൽ രണ്ട് അർധസെഞ്ചുറി ഈ ലോകകപ്പിലായിരുന്നു.
സ്പിന്നർ ആദം സാംപയാണ് (13 വിക്കറ്റ്) ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ രണ്ടാമൻ (ഒന്നാമത് ശ്രീലങ്കയുടെ വനിന്ധു ഹസരംഗ-16).
സൂപ്പർ 12ൽ ഏറ്റവും കൂടുതൽ വിക്കറ്റ്, സെമിയിൽ ബാബർ അസമിന്റെയും ഫൈനലിൽ മാർട്ടിൻ ഗപ്റ്റിലിന്റെയും നിർണായക വിക്കറ്റുകൾ, ഇക്കോണമി റേറ്റ് 5.81. സാംപയുടെ അതുല്യ ട്വന്റി-20 ലോകകപ്പ്.
ഈ ലോകകപ്പിൽ ഭാഗ്യം ഏറ്റവുമധികം തുണച്ചത് ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനെ ആയിരുന്നു എന്നതും മറ്റൊരു വസ്തുത.
ആകെ കളിച്ച ഏഴു മത്സരങ്ങളിൽ സെമിയും ഫൈനലും അടക്കം ആറിലും ടോസ് ഫിഞ്ചിനൊപ്പമായിരുന്നു. അങ്ങനെ കാര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഫേവറിറ്റുകളല്ലാതിരുന്ന ഓസീസ് കിരീടവുമായി പറന്നു.
അനീഷ് ആലക്കോട്