തൃശൂർ: എവിടെ നിന്നു കൈകാണിച്ചാലും നിർത്തും ഈ യെല്ലോ ടാക്സി. 99 രൂപയ്ക്ക് മൂന്നു കിലോമീറ്റർ സഞ്ചരിക്കാം. തൊഴിലാളി കൂട്ടായ്മയിൽ ടാക്സി സർവീസിന്റെ പുതിയ രൂപം തൃശൂരിലേക്കും. പരീക്ഷണഓട്ടം തുടങ്ങിയെങ്കിലും ഈമാസം എട്ടുമുതൽ ഒൗദ്യോഗികമായി സർവീസ് തുടങ്ങുകയാണ് യെല്ലോ ടാക്സികൾ.
ജില്ലയിൽ തൃശൂർ, ചാലക്കുടി, വടക്കാഞ്ചേരി, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വരന്തരപ്പിള്ളി, കുന്നംകുളം, തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി, പാവറട്ടി, പുതുക്കാട്, മണ്ണുത്തി, പട്ടിക്കാട് എന്നിവിടങ്ങളിൽ നേരിട്ട് ഇത്തരം ടാക്സികളുടെ സേവനം ലഭ്യമാകും. കൊച്ചിയിൽ വിജയകരമായ പദ്ധതിയാണ് ജില്ലയിലും നടപ്പാക്കാൻ ഒരുകൂട്ടം ഡ്രൈവർമാർ ഒരുങ്ങുന്നത്. യെല്ലോ കാബ്സ് ഡ്രൈവേഴ്സ് സൊസൈറ്റി കേരളയുടെ
കീഴിലാണ് ഈ സംരംഭം. സർക്കാർ ഉത്തരവു പ്രകാരമുള്ള താരിഫ് അനുസരിച്ചാണ് ടാക്സിയുടെ പ്രവർത്തനം. ഓണ്‍ലൈൻ ടാക്സി സർവീസ് നടത്തുന്ന അന്‍പതു ശതമാനം ഡ്രൈവർമാരും അന്‍പതു ശതമാനം പരന്പരാഗത ഡ്രൈവർമാരുമാണ് ഈ സംരംഭത്തിൽ അംഗമായിട്ടുള്ളത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കം ഓണേഴ്സ് ടാക്സികളാണ് സംരംഭത്തിലുള്ളത്.
ടാക്സിയെന്നു മഞ്ഞക്കളറിലുള്ള ടാബ്സ് ഉപയോഗിച്ചാണ് കാറുകൾ സർവീസ് നടത്തുക. ഫോണ്‍, ഓണ്‍ലൈൻ ബുക്കിംഗ് വഴി യെല്ലോ ടാക്സികളുടെ സേവനം ലഭ്യമാകും. ഇന്റർസിറ്റി, ലോക്കൽ, ഒൗട്ട്സ്റ്റേഷൻ, ടൂർ പാക്കേജുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ നൂറോളം യെല്ലോ ടാക്സികളാണ് നിരത്തിലിറങ്ങുന്നത്. പ്രമോഷന്റെ ഭാഗമായി ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.