പാരീസ്: ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയിൽ അത്ര സുഖത്തിലല്ല കഴിയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ. പരിശീലകൻ തോമസ് ടുഷെലും എംബാപ്പെയും തമ്മിലുള്ള തർക്കം തുടരുന്നുവെന്നും താരം ക്ലബ് വിട്ടേക്കുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മത്സരത്തിനിടെ ടച്ച് ലൈനിൽ ടുഷലിനോട് ഇടഞ്ഞ എംബാപ്പെ, സംഭവത്തിൽ ഇതുവരെ മാപ്പ് ചോദിച്ചില്ലെന്നാണ് സൂചന. മോണ്പില്ലറിനെതിരായ മത്സരത്തിനിടെ എംബാപെയെ പിൻവലിച്ചതിനെത്തുടർന്നായിരുന്നു തർക്കം.
പ്രശ്ന പരിഹാരത്തിനായി ക്ലബ് സ്പോർട്ടിംഗ് ഡയറക്ടർ മുൻകൈയെടുത്തെങ്കിലും പൂർണമായി ഫലം കണ്ടില്ലെന്നാണ് വിവരം. താരത്തെ റാഞ്ചാൻ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് രംഗത്തുണ്ട്.