കോഴിക്കോട്: ഒരേ പോലീസ് സ്റ്റേഷനില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ ഉള്‍പ്പെടെ സ്ഥലംമാറ്റിക്കൊണ്ടുള്ള പോലീസിന്റെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ‘തിരുത്ത്’.
ഇതോടെ മൂന്നുവര്‍ഷം കഴിഞ്ഞവരും ഒരേ സ്റ്റേഷനില്‍തന്നെ തുടരുമെന്ന് ഉറപ്പായി. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഉറ്റവരെ കൈയൊഴിയാതെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് കോഴിക്കോട് സിറ്റിയില്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഒരേ പോലീസ് സ്റ്റേഷനില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് വീണ്ടും അതേസ്റ്റേഷനില്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് സേനയിലെ അഭിപ്രായം.
ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ വരെ പുതിയ ഉത്തരവിലൂടെ വീണ്ടും പഴയ തട്ടകത്തില്‍ ഇടം പിടിച്ചപ്പോള്‍ പ്രതിപക്ഷത്തുള്ളവര്‍ക്കും ആനുകൂല്യം ലഭിച്ചതായാണ് വിവരം.
അഞ്ചുവര്‍ഷത്തിലധികമായി ഓരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരില്‍ വനിതാ പോലീസ് സേനാംഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ആദ്യ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് 60 പേരാണ് ഇതിനെതിരേ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ വിവിധ കാരണങ്ങളാല്‍ 39 പേരുടേത് പുനഃപരിശോധിക്കുകയും ആവശ്യം അനുവദിക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം 26 നായിരുന്നു എസ്ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (എസ്സിപിഒ), സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ), വനിതാ സിവില്‍ പോലീസ് ഓഫീസര്‍(ഡബ്ല്യൂസിപിഒ) തുടങ്ങി തസ്തികയിലുള്ള 301 പോലീസുകാരുടെ പട്ടികയാണ് ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ പുറത്തിറക്കിയത്.
മേയ് ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സേനാംഗങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദേശിച്ചിരുന്നുവെങ്കിലും കൃത്യസമയത്ത് ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇത് വാര്ത്തയതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയത്.