കൊച്ചി: അമ്പതു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള സ്രോതസായ പെരിയാര്‍ മലിനപ്പെടുത്തുന്നതിനെതിരേ പാട്ടിലൂടെ പ്രതിഷേധമറിയിച്ചു യേശുദാസ്. താന്‍ പാടി അനശ്വരമാക്കിയ ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി ആലുവ പുഴ പിന്നെയും…… എന്നു പാടി നിര്‍ത്തിയാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്.
മാലിന്യംകൊണ്ടും അനധികൃത കൈയേറ്റംകൊണ്ടും പുഴയുടെ ഒഴുക്ക് നിലച്ചു ഇല്ലാതാകുകയാണെന്നും മലിനീകരണത്തില്‍നിന്നു മുക്തിനേടി പുഴ സാധാരണനിലയില്‍ ഒഴുകിയശേഷം ഈ പാട്ട് പൊതുസദസില്‍ പൂര്‍ണമായി പാടാമെന്നും യേശുദാസ് പറഞ്ഞു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ പെരിയര്‍ വരുംതലമുറയ്ക്കു കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജനപക്ഷത്തിന്റെ ചീഫ് പാട്രണ്‍ കൂടിയായ യേശുദാസ്.
ജനപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അമ്പതോളം കോളജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പെരിയാറിനെ സംരക്ഷിക്കുന്ന ‘പുനര്‍ജനി’ എന്ന പദ്ധതിക്കും ഇന്നലെ തുടക്കമായി. പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ മാസത്തിലെ എല്ലാ ശനിയാഴ്ചയും പെരിയാറിലൂടെ യാത്ര നടത്തും.
പെരിയാറിനെ മലിനപ്പെടുത്ത അനധികൃത കൈയ്യേറ്റങ്ങള്‍, മാലിന്യം തള്ളല്‍ എന്നിവ സംഘം നിരീക്ഷിക്കും. ഓരോ ആഴ്ചയിലും നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി ചീഫ് ജസറ്റീസ്, മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,എന്നിവര്‍ക്കു നല്കും. പെരിയാര്‍ മലിനപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തു പൊതുതാത്പര്യ ഹര്‍ജി നല്കാനും പദ്ധതിയുണ്ട്. ചടങ്ങിനുശേഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 150 ഓളം പേര്‍ മറൈന്‍െ്രെഡവില്‍നിന്ന് ഏലൂരിലേക്ക് ‘അരയന്നം ബോട്ടില്‍’ പെരിയാറിലൂടെ ജലരക്ഷാ യാത്ര നടത്തി.
തേവര എസ്എച്ച് കോളജ് പ്രിന്‍സിപ്പല്‍ റവ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫ് വിഷയം അവതരിപ്പിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ക്യാപ്റ്റന്‍ രാജു, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ, ഗായകന്‍ ബിജു നാരായണന്‍, ഫാ. റോബി കണ്ണന്‍ചിറ, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ സാബു കുട്ടന്‍, സി.ആര്‍. നീലകണ്ഠന്‍, പുരുഷന്‍ ഏലൂര്‍ (പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി), പ്രഫ സീതാരാമന്‍, സി.എം. ജോയ്, എം.എല്‍. ജോര്‍ജ്, വൈഎംസിഎ പ്രസിഡന്റ് വികെവി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.