ചേർത്തല: വിശുദ്ധനായ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ…. അർത്തുങ്കൽ തിരുമുറ്റത്ത് ഗാനഗന്ധർവൻ യേശുദാസ് ഭക്തിപുരസരം ആലപിച്ചപ്പോൾ അത് ചരിത്രനിമിഷവും ദൈവനിയോഗവുമായി മാറി. അർത്തുങ്കൽ വെളുത്തച്ചന്റെ സ്ത്രോത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളതാണ് ഈ വരികൾ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനങ്ങൾ ഭക്തിപുരസരം വെളുത്തച്ചനോട് അപേക്ഷിക്കുന്നത് ഈ വരികളിലൂടെയാണ്.
1970ൽ പുറത്തിറങ്ങിയ പേൾവ്യൂ എന്ന സിനിമയിലെ വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ ഗാനത്തിന് ജീവൻ നൽകിയത് യേശുദാസായിരുന്നു. വർഷങ്ങൾക്കുശേഷം ഈ ഗാനം അർത്തുങ്കൽ തിരുമുറ്റത്ത് ആലപിക്കാനായത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് യേശുദാസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് യേശുദാസ് തന്റെ പത്നി പ്രഭയുമായി അർത്തുങ്കലിലെത്തിയത്.
പള്ളിയിലെത്തിയ യേശുദാസിനെയും കുടുംബത്തെയും ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, സഹ വികാരി ഫാ. ഗ്ലെൻ ഫേബർ, ഫാ. ജെൽസണ്‍ ജോസഫ്, ഡീക്കൻ മൈക്കിൾ ജോണ്‍, ബെന്നി ജോയി, സൈറസ് കോയിപ്പറന്പിൽ, സുനിൽ സെബാസ്റ്റ്യൻ, ജോസഫ് പുളിക്കൻ, പൊന്നപ്പൻ പറയകാട്ട് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. അൾത്താരയിലെത്തി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വണങ്ങി.
പള്ളിമേടയിലെത്തി വൈദികരുമായി സംസാരിച്ച ശേഷം പള്ളി മുറ്റത്തെ റോസരി പാർക് കണ്ട് ഫോട്ടോ എടുക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു മടങ്ങി. ഇന്നലെ യേശുദാസിന്റെ സഹപാഠിയും, മകൻ വിജയ് യേശുദാസിന്റെ ഗുരുവുമായ പുതിയകാവ് സൗപർണികയിൽ ഡോ.എൻ. ഗോവിന്ദൻ കുട്ടിയുടെ എണ്‍പതാം പിറന്നാളാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് ചേർത്തലയിലെത്തിയത്.
തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ യേശുദാസും ഗോവിന്ദൻ കുട്ടിയും സഹപാഠികളായിരുന്നു.ഗാനഭൂഷണം പൂർത്തിയാക്കി യേശുദാസ് സിനിമയിലേയ്ക്ക് ചേക്കേറിയപ്പോൾ ഗോവിന്ദൻ കുട്ടി സംഗീത അധ്യാപന രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു.