ശ്രീജിത് കൃഷ്ണന്
കൊല്ലൂര്‍: ലോകത്തെവിടെയായിരുന്നാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയിലെത്തുന്ന ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ പതിവ് ഇത്തവണയുണ്ടാകില്ല.
അമേരിക്കയിലെ ഡാളസില്‍ കുടുംബത്തോടൊപ്പം കഴിയുന്ന യേശുദാസിന് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇത്തവണ മൂകാംബികയിലെത്താനാകില്ലെന്ന കാര്യം സുഹൃത്തും ഗാനരചയിതാവുമായ ആര് .കെ. ദാമോദരനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു.
നാളെ ജനുവരി പത്തിനാണ് ഗന്ധർവ ഗായകന്റെ എണ്‍പത്തൊന്നാം പിറന്നാള്‍. 48 വര്‍ഷത്തിനിടെ ആദ്യമായാണ് പിറന്നാള്‍ ദിനത്തിലെ യേശുദാസിന്റെ മൂകാംബികാ ദര്‍ശനം മുടങ്ങുന്നത്.
കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബികയില്‍ സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.
ഈ ദിവസം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പാട്ടുകാരും ആരാധകരും ഇവിടെയെത്താറുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ യേശുദാസ് അതില്‍ പങ്കുകൊള്ളാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
ക്ഷേത്രത്തിനകത്തെ സരസ്വതീമണ്ഡപത്തില്‍ വച്ച് അദ്ദേഹം കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു.
ഇത്തവണ ജനുവരി പത്തിന് ജന്മദിനവും 13 ന് ജന്മനക്ഷത്രമായ ഉത്രാടവും വരുന്നതിനാല്‍ നാലുദിവസം ഇവിടെ തങ്ങണമെന്ന ആഗ്രഹം യേശുദാസ് അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.
എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ പ്രായത്തിന്റെ പ്രശ്നങ്ങള്‍ കൂടിയുള്ളതിനാല്‍ ഇന്ത്യയിലേക്കുള്ള വിമാനയാത്ര മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ യേശുദാസിന്റെ പേരില്‍ ക്ഷേത്രത്തില്‍ പൂജാദികര്‍മങ്ങള്‍ നടത്താന്‍ കുടുംബസുഹൃത്തു കൂടിയായ മുഖ്യ അര്ച്ചകന് ഗോവിന്ദ അഡിഗയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാളെ യേശുദാസ് ഡാളസിലെ വീട്ടില്‍വച്ച് പൂജാമുറിയില്‍ ദീപം തെളിയിച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കും.
ക്ഷേത്രഭാരവാഹികളുമായി ആലോചിച്ച് ഇത് അതേസമയം മൂകാംബികയിലെ സരസ്വതീമണ്ഡപത്തില്‍ വെബ്കാസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും.
ക്ഷേത്രത്തിനു പുറത്ത് സ്വര്‍ണമുഖി ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതാര്‍ച്ചന മാറ്റമില്ലാതെ നടക്കും. യേശുദാസിന്റെ ആലാപനം ഇവിടെയും സ്ക്രീനിലൂടെ പ്രദര്‍ശിപ്പിക്കും.
വരുന്ന മാര്‍ച്ചില്‍ വിമാനസര്‍വീസ് സാധാരണനിലയിലായതിനു ശേഷം നാട്ടിലേക്കു മടങ്ങാനാണ് യേശുദാസിന്റെ തീരുമാനമെന്നും ആര്.കെ. ദാമോദരന്‍ അറിയിച്ചു.