തൃശൂർ: ലോകത്തിന്റെ നിലപാടും നിലനില്പും അമ്മ എന്ന സത്യത്തിലും പൊക്കിൾകൊടി ബന്ധത്തിലുമാണെന്നു ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്.
അച്ഛനമ്മമാരിൽനിന്നും കഥകളും സാരോപദേശങ്ങളും കേട്ടുവളർന്ന കുട്ടികൾക്ക് ഒരു ദോഷവും വരില്ല. ആ ക്രമീകരണംതന്നെ നമ്മൾ പൊക്കിൾകൊടിയിൽ നിന്നുതന്നെ മുറിച്ചുകളഞ്ഞു. വേദനിച്ചു പ്രസവിക്കുന്ന അമ്മയിൽനിന്നുള്ള സ്നേഹം ആർക്കും കിട്ടാവുന്ന ഏറ്റവും വലിയ സന്പത്താണ്.
അമ്മയുടെ ആ വേദനയാണ് ഏറ്റവും വലിയ ജീവൻ. വേദനയ്ക്കുശേഷം അമ്മ കാണുന്ന കുഞ്ഞിന്റെ പുഞ്ചിരി എല്ലാ വേദനകൾക്കുമുള്ള മറുമരുന്നാണ്. കുഞ്ഞുങ്ങൾക്കു കഥകൾ പറഞ്ഞുതരാൻ അന്ന് അച്ഛനമ്മമാർക്കു സമയമുണ്ടായിരുന്നു. ഇന്ന് അതുണ്ടോയെന്നും യേശുദാസ് ചോദിച്ചു.
കർണാട്ടിക് സംഗീതജ്ഞൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ അമ്മ മേരി പൈലോത് രചിച്ച “അമ്മ പറഞ്ഞ കഥകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, അമ്മയുടെ ശതാഭിഷേക ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തനിക്കു പകർന്നുകിട്ടിയ കഥകളും നന്മകളും പുതുതലമുറയ്ക്കായി അമ്മ ഓർത്തും എഴുതിയും വച്ചു. ഓർമകളുടെ ആ ക്രമവും കർമവുമാണ് പ്രധാനം. ഈ ചിട്ടകൾ ഇന്നു നേരേ വിപരീതമായാണ് പോകുന്നതെന്നും യേശുദാസ് അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പുസ്തകം ഏറ്റുവാങ്ങി. പ്രഫ.എം. ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പത്മഭൂഷണ് ടി.വി. ആന്റണി ഐഎഎസ്, ദേവമാത പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ, ഷെവ.സി.എൽ. ജോസ്, ഡോ.വി. ശോഭ, ഫാ. തോമസ് വടക്കൂട്ട് എന്നിവർ ആശംസകൾ നേർന്നു. ഫാ.ഡോ. പോൾ പൂവത്തിങ്കൽ സ്വാഗതം പറഞ്ഞു.