മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്വന് യേശുദാസ്. ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെ സംഗീതാസ്വാദകരെ കുറച്ചൊന്നുമല്ല അദ്ദേഹം രോമാഞ്ചമണിയിച്ചിരിക്കുന്നത്. യേശുദാസിന്റെ ശബ്ദത്തിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് പല തരത്തിലുള്ള ഉത്തരങ്ങളും മലയാളികള്‍ക്കിടയില്‍ തന്നെ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ അവയില്‍ പലതും ഊഹാപോഹങ്ങളാണെന്നതാണ് സത്യം. എണ്‍പതിനോടടുത്ത പ്രായത്തിലും യേശുദാസിന്റെ അസൂയാവഹമായ ശബ്ദത്തിന് യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടുമില്ല.
എന്നാല്‍ ഇപ്പോഴിതാ ആ വലിയ രഹസ്യം യേശുദാസ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ശബ്ദം കാത്തു സൂക്ഷിക്കുന്നതിനെ കുറിച്ച് യേശുദാസ് മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
”ഞാന്‍ ചായ കുടിക്കാറില്ല. ചെറുപ്പത്തില്‍ ചിക്കന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പച്ചക്കറി മാത്രമേ കഴിക്കാറുള്ളൂ, മുട്ട പോലും കഴിക്കാറില്ല. വളരെ അപൂര്‍വ്വമായി ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ട്. എന്റെ ശബ്ദത്തേയും പാടാനുള്ള കഴിവിനെയും കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. എല്ലാ കാലത്തും എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല.
15- 18 വര്‍ഷം മുന്‍പ് എനിക്ക് ഉയര്‍ന്ന സ്വരങ്ങള്‍ പാടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അത് പ്രായം കൂടും തോറും സാധാരണയായി സംഭവിക്കുന്നതാണ് എന്നുകരുതി ഞാന്‍ ലോ പിച്ചിലെ പാട്ടുകള്‍ മാത്രം പാടി. എന്നാല്‍ ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി.
ഒരിക്കല്‍ കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് ‘ഈറ്റ് റൈറ്റ് ഫോര്‍ യുവര്‍ ടൈപ്പ്’ എന്ന പുസ്തകം കാണാനിടയായി. ഒരു കൗതുകത്തിന് ഞാനതു വാങ്ങി വായിച്ചു. ഒരു സമഗ്രമായ പുസ്തകമല്ലെങ്കിലും, നമ്മുടെ രക്തഗ്രൂപ്പുകള്‍ക്ക് അനുസരിച്ചുള്ള ഡയറ്റിനെ കുറിച്ചുള്ളതായിരുന്നു അത്.
അത് വായിച്ചതിനു ശേഷം അത്രയും നാള് എന്റെ ഭക്ഷണശീലത്തില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ ഞാന്‍ മനസിലാക്കുകയും, ഭക്ഷണരീതി മാറ്റുകയും ചെയ്തു. ശരിക്കും അദ്ഭുതകരമായ മാറ്റമായിരുന്നു പിന്നീട്. ആ ഡയറ്റ് പ്ലാനില്‍ ഞാന്‍ ഉറച്ചു നിന്നു. പിന്നീട് പിച്ചുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും എനിക്ക് നേരിട്ടിട്ടില്ല. എത്ര വിഷമകരമായ പാട്ടുകള്‍ പോലും പാടാന്‍ കഴിഞ്ഞു. അവ വലിയ ഹിറ്റുകളായി.” – യേശുദാസ് പറയുന്നു.