രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച കലാകാരന് ഇരിപ്പിടമില്ല ! ഗാനഗന്ധര്‍വനെ അപമാനിച്ചെന്ന് ചിലര്‍; ആഘോഷമാക്കി ട്രോളന്മാര്‍…

 

ഇത്തവണത്തെ ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അവാര്‍ഡ് ദാനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടും അവാര്‍ഡ് ദാനവും അനന്തര സംഭവങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുന്നു. അവാര്‍ഡ് വാങ്ങിയവര്‍രെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാഗ്വാദങ്ങള്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്.

യേശുദാസിനെയും ജയരാജിനെയും വച്ച് ട്രോളുകളും സജീവമാണ്. അവാര്‍ഡ് സ്വീകരിച്ചതോടെ യേശുദാസിനെ ട്രോളുകളിലൂടെ വിമര്‍ശിക്കുകയാണ് സൈബര്‍ ലോകം. ഇതിനിടയിലാണ് എരി തീയിലേക്ക് എണ്ണ എന്നപോലെ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം പുറത്തുവരുന്നത്. പിന്നിട് ട്രോളുകള്‍ ആ വഴിക്കായി. യേശുദാസിനോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തി. പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ബഹുമാനിച്ച കലാകാരന് ഇരിപ്പിടം നല്‍കാത്തത് മോശമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

യേശുദാസിന് ഇരിപ്പിടം ലഭിക്കാഞ്ഞതില്‍ സന്തോഷിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവാര്‍ഡ് ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നില്‍ക്കാതെ കേന്ദ്രത്തെ പിന്തുണച്ച അദ്ദേഹത്തിന് ഇത് കിട്ടേണ്ടതായിരുന്നെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നിന്ന് പരാതിയില്‍ ഒപ്പിട്ട ശേഷം പുരസ്‌കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകളാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കൂ എന്നറിയിച്ചതാണു വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തുടക്കം.

ഹഫദ് ഫാസില്‍, പാര്‍വതി തുടങ്ങി 10 മലയാളികളടക്കം 68 പേരാണ് അവാര്‍ഡ് സ്വീകരിക്കാതെ വിട്ടുനിന്നത്. അടുത്ത വര്‍ഷം മുതല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം പ്രസിഡന്റ് അവാര്‍ഡ് നല്‍കുന്ന രീതിയില്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായാണ് വിവരം.

Related posts