കൊല്ലൂര്‍: ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയില്‍ അഭൂതപൂര്‍വമായ തിരക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആരാധകരും സംഗീതാസ്വാദകരും ഒഴുകിയെത്തിയതോടെ നവരാത്രിക്കാലത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഭാര്യ പ്രഭയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ യേശുദാസ് പൂജാദികര്‍മങ്ങളിലും കുടുംബാംഗങ്ങളും ആരാധകരും നടത്തുന്ന വഴിപാടുകളിലും പങ്കെടുത്തു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഈ ദിവസം നടത്തുന്ന സംഗീതാര്‍ച്ചനയിലും സൗപര്‍ണികാമൃതം പുരസ്കാര സമര്‍പ്പണത്തിലും അദ്ദേഹം പങ്കെടുക്കും.
സംഗീതജ്ഞനായ ടി.എസ്. രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവ്. രാവിലെ ആറുമണിക്ക് തുടങ്ങിയ സംഗീതാര്‍ച്ചനയില്‍ അറിയപ്പെടുന്ന ഗായകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സംഗീതാലാപനം നടത്തി.
കൂപ്പുകൈകളുമായി പയ്യന്നൂരിലെ ആരാധകര്‍
പയ്യന്നൂര്‍: ഗാനഗന്ധര്വന് യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൂപ്പുകൈകളോടെ അദ്ദേഹത്തിനായി പ്രാര്‍ഥിക്കുകയാണ് പയ്യന്നൂരിലെ കടുത്ത രണ്ട് ആരാധകരായ മഹാദേവ ഗ്രാമത്തിലെ ആർ. അരവിന്ദനും കാങ്കോലിലെ ഹരീഷ് ചേണിച്ചേരിയും. യേശുദാസിന്റെ നൂറുകണക്കിന് പാട്ടുകള്‍ ഹൃദിസ്ഥമാക്കിയാണ് അരവിന്ദന് യേശുദാസിനോടുള്ള ആരാധനയുടെ ആഴം പ്രകടിപ്പിക്കുന്നത്. എട്ടു വര്‍ഷം സംഗീതവും പഠിച്ച് യേശുദാസിന്റെ എല്ലാ ഗാനങ്ങളുടേയും ബൃഹത്തായ ശേഖരണവും ചിത്രങ്ങളുമായാണ് ഹരീഷ് തന്റെ ആരാധന വെളിവാക്കുന്നത്.
പത്താമത്തെ വയസു മുതലാണ് അരവിന്ദന് റേഡിയോ ഗാനങ്ങളോടുള്ള താത്പര്യം മൂത്ത് പാട്ടുകള്‍ മനഃപാഠമാക്കാന്‍ തുടങ്ങിയത്. സിനിമാ ഗാനങ്ങളോടെന്ന പോലെ സിനിമകളോടും കമ്പമുള്ള അരവിന്ദന് മുന്ന, വെള്ളം എന്നീ സിനിമകളിലും ഇന്‍സ്റ്റാഗ്രാമം എന്ന മലയാളം വെബ് സീരീസിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
മിമിക്രി കലാകാരന് കൂടിയായ ഇയാള്‍ യേശുദാസിന്റെ 1500 ഓളം ഗാനങ്ങള്‍ മനഃപാഠമാക്കിയാണ് തന്റെ ആരാധന തുടരുന്നത്. യേശുദാസിനെ നേരിട്ട് കാണാനുള്ള ആഗ്രഹം എന്നെങ്കിലും പൂവണിയുമെന്ന പ്രതീക്ഷയിലാണ് മുറുക്ക് നിര്‍മാണ തൊഴിലാളിയായ അരവിന്ദന്.
33 വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഹരീഷിന് യേശുദാസിന്റെ ഗാനങ്ങളോടുള്ളത്.ഗ്രാമഫോണ്‍ ഡിസ്ക് മുതല്‍ ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ യേശുദാസിന്റെ എല്ലാവിധ ഗാനങ്ങളുമുണ്ട്. യേശുദാസിന്റെ പകരം വയ്ക്കാനില്ലാത്ത മാസ്മരിക ശബ്ദമാണ് അദ്ദേഹത്തോടുള്ള ആരാധന വര്‍ധിപ്പിച്ചത്.1991ല്‍ ചെറുകുന്നില്‍ പരിപാടിക്കെത്തിയ യേശുദാസ് വിളിപ്പിച്ചതും കൂടെ നിര്‍ത്തി ഫോട്ടോയെടുപ്പിച്ചതും ഇപ്പോഴും നിറമുള്ള ഓര്‍മകളാണ്.പരിയാരം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഹരീഷ് യേശുദാസിനെ കുടിയിരുത്തിയിരിക്കുന്നത് തന്റെ ഹൃദയത്തിലാണ്.