കൊച്ചി: മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴു പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും സംയുക്ത പരിശോധന തുടരുകയാണ്.
നാവികസേനയുടെ സിജിഎസ് വിക്രം, ഐഎൻഎസ് സത്ലജ് എന്നീ കപ്പലുകൾ അപകടസ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും ഇന്ന് രാവിലെ മുതൽ നിരീക്ഷണം നടത്തുന്നുണ്ട്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്. അതേസമയം, തെരച്ചിലിൽ ഇന്നലെ കണ്ടെത്തിയ യേശുപാലന്റെ (36) മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപകടം നടന്ന ഭാഗത്ത് തെരച്ചിൽ നടത്തവെ ഇന്നലെ വൈകുന്നേരം ആരോണ് എന്ന ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്.കോസ്റ്റ് ഗാർഡിന്റെ ബോട്ട് എത്തി മൃതദേഹം എടുത്ത് അക്ഷയ് എന്ന മത്സ്യ ബന്ധന ബോട്ടിൽ കയറ്റി ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മുനന്പം ഹാർബറിൽ എത്തിച്ചു.കരയിലുണ്ടായിരുന്ന സഹോദരനും ബന്ധുക്കളും ആളെ തിരിച്ചറിഞ്ഞു.
മൃതദേഹം നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ കാണാതായ ഇയാളുടെ രണ്ടു സഹോദരൻമാർ ഉൾപ്പെടെ ഏഴു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇതിനിടെ കപ്പലിൽ ഇടിച്ചതായി സംശയിക്കുന്ന എം.വി.ദേശ് ശക്തി എന്ന കപ്പലിൽ നടക്കുന്ന പരിശോധന ഇന്ന് പൂർത്തിയായേക്കും. അപകടസമയത്ത് കപ്പൽ ചാലിലൂടെ കടന്നുപോയത് ചെന്നൈയിൽ നിന്നും ഇറാഖിലേക്ക് പോകുകയായിരുന്ന എം.വി.ദേശ് ശക്തിയെന്ന ചരക്കു കപ്പലായിരുന്നു.
ഈ കപ്പലായിരിക്കും അപകടമുണ്ടാക്കിയതെന്ന സംശയത്തെ തുടർന്ന് ഇത് മംഗലാപുരം തുറമുഖത്ത് അടുപ്പിക്കുകയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കുകയുമായിരുന്നു. കപ്പലിന്റെ ഭാഗങ്ങൾ വീഡിയോയിൽ പകർത്തിയും മറ്റു സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാണ് പരിശോധന നടത്തുന്നത്. വീഡിയോ പിന്നീട് വിശദമായി പരിശോധിക്കും.
കപ്പലിൽ നടക്കുന്ന പരിശോധന ഇന്ന് പൂർത്തീകരിക്കാനാവുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതർ പറഞ്ഞു. ഇതിനിടെ ശനിയാഴ്ച കണ്ടെത്തിയ മലയാളിയായ മാല്യങ്കര തറയിൽ സിജു(43) വിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തെങ്കിലും ഇയാളുടെ ഡിഎൻഎ ടെസ്റ്റ് നടത്തുന്നുണ്ട്. അപകടത്തിൽ കാണാതായ കുളച്ചൽ സ്വദേശിയുടെ മൃതദേഹമാണെന്ന് അവകാശവാദം ഉയർന്ന സാഹചര്യത്തിലാണ് ഡിഎൻഎ ടെസ്റ്റ് നടത്തുന്നത്. ഈ വ്യവസ്ഥയിലാണ് സിജുവിന്റെ മൃതദേഹം പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുള്ളത്. ഇതിനുള്ള ചെലവും സിജുവിന്റെ ബന്ധുക്കൾ വഹിക്കണമത്രേ.