ന്യൂഡൽഹി: ഹിമാലയൻ മലനിരകളിലെ സാങ്കൽപ്പിക ഭീമൻ ഹിമക്കരടി യെതിയുടെ പാദമുദ്രകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം തള്ളി നേപ്പാൾ. ഇന്ത്യൻ പർവതാരോഹകർ കണ്ടെത്തിയത് യെതിയുടെ കാൽപ്പാടുകളല്ല, ഹിമക്കരടിയുടെ കാൽപ്പാടുകളാണെന്ന് നേപ്പാൾ കരസേന വക്താവ് ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം വിശദമായി പരിശോധിച്ചെന്നും കണ്ടെത്തിയത് കരടിയുടെ കാൽപ്പാടുകളാണെന്ന് നാട്ടുകാർ സ്ഥിരീകരിച്ചെന്നും പ്രദേശങ്ങളിൽ കരടിയുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച യെതിയുടേതെന്നു ചൂണ്ടിക്കാട്ടി മഞ്ഞിലെ കാൽപ്പാടുകളുടെ ദൃശ്യങ്ങൾ സൈന്യം ഒൗദ്യോഗിക അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ സൈന്യത്തിനു കഴിഞ്ഞില്ല.
നേപ്പാളിലെ മക്കാലു ബേസ് ക്യാന്പിനു സമീപത്തുനിന്ന് മൗണ്ടനീയറിംഗ് എക്പെഡീഷൻ സംഘം കണ്ടെത്തിയത് എന്ന പേരിലാണ് കാൽപ്പാടുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിന് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമാണ് കാൽപ്പാടിന്റെ അളവ്. ദുരൂഹമായ ഈ കാൽപ്പാടുകൾ യെതിയുടേതാണെന്ന് സൈന്യം അവകാശപ്പെടുന്നു. മക്കാലു ബാരുണ് ദേശീയോദ്യാനത്തിനു സമീപവും ഒരിക്കൽ ഇതിനെ കണ്ടതായി സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നു. സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ ഒരു കാൽപ്പാടിന്റെ ദൃശ്യം മാത്രമാണുള്ളത്.
പഞ്ഞമില്ലാത്ത “യെതി’ക്കഥ
എവറസ്റ്റ് കൊടുമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് യെതി. മനുഷ്യനോട് രൂപസാദ്യശ്യമുള്ള അതികായനായ രണ്ടുകാലുകളിൽ നടക്കുന്ന ഒരു ജീവി. മനുഷ്യർക്ക് കയറിച്ചെല്ലാൻ കഴിയാത്ത അത്ര ഉയരത്തിലുള്ള മഞ്ഞുമലകളിൽ ജീവിച്ചിരുന്ന യെതിയെ ആരാധിക്കുന്ന ഗോത്രവിഭാഗങ്ങളും പണ്ട് നേപ്പാളിൽ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മൊംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുമലകളിൽ യെതി ഉണ്ടെന്നാണ് നേപ്പാളുകാരുടെ വിശ്വാസം.
നേപ്പാൾ കഥകളിലെ യെതി
നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 12000 അടി ഉയരത്തിൽ താമസിക്കുന്ന ഷെർപ ഗോത്രവർഗക്കാരുടെ ഇടയിലാണ് ഏറ്റവുമധികം യെതിക്കഥകൾ പ്രചാരത്തിലുള്ളത്. മനുഷ്യരെ ഉപദ്രവിക്കുന്ന മഞ്ഞുമലവാസികളാണ് ഇവർക്ക് യെതി. തങ്ങളെ ഉപദ്രവിച്ചതിന് യെതിയോട് പ്രതികാരം ചെയ്യാൻ ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു.
അതികായൻമാരായ യെതികളെ നേരിട്ട് ഉപദ്രവിക്കാൻ മനുഷ്യർക്കാവില്ല. അതുകൊണ്ട് അവർക്ക് മദ്യം കുടിക്കാൻ കൊടുത്ത് ബോധം നഷ്ടപ്പെടുത്തിയതിനുശേഷം അവരെ തമ്മിൽ തല്ലിച്ചാണ് മനുഷ്യർ പ്രതികാരം ചെയ്തത്. അന്നത്തെ കലഹത്തിൽ നിരവധി യെതികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബാക്കിയുള്ളവ തിരിച്ചുവന്ന് മനുഷ്യരോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മലമുകളിലേക്ക് ഓടിപ്പോയി.
ചിലകഥകളിൽ സ്ത്രീകളെ നശിപ്പിക്കുന്ന കഥാപാത്രങ്ങളായി യെതി പ്രത്യക്ഷപ്പെടുന്നു. സൂര്യനുദിക്കുന്പോൾ യെതിയുടെ ശരീരം വലുതാകും. സൂര്യപ്രകാശത്തിൽ യെതിയെ കാണുന്ന മനുഷ്യന്റെ ശരീരത്തിൽനിന്ന് ഉൗർജം ചോർന്നുപോവുകയും അവർ ബോധരഹിതരാവുകയും ചെയ്യും.
യെതിയെ കണ്ടവർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് യെതി എന്ന ഐതീഹ്യ കഥാപാത്രം ശരിക്കുമുണ്ട് എന്ന തരത്തിലുള്ള ചർച്ചകൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. നേപ്പാളിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാരനായ ബി.എച്ച്. ഹോഡ്ജ്സണ് അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രകൾക്കിടയിൽ ദേഹമാസകലം മുടിയുള്ള ഒരു രൂപത്തെകണ്ടെന്നും മനുഷ്യരെക്കണ്ടപ്പോൾ അത് പേടിച്ചോടിയെന്നും 1832 എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.
മറ്റൊരു ബ്രിട്ടീഷുകാരൻ ലോറൻസ് വാഡിൽസും ഹിമാലയയാത്രക്കിടയിൽ വലിയ കാൽപ്പാടുകൾ കണ്ടെത്തിയതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇവരുടെ കഥകൾ കേട്ട പല യൂറോപ്യൻമാരും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യെതിയെ കണ്ടെത്താൻ ഹിമാലയൻ മലനിരകൾ ലക്ഷ്യംവച്ച് യാത്രതിരിച്ചു. യാത്രയ്ക്ക് സഹായികളായി കൂടെക്കൂട്ടിയ പ്രദേശവാസികൾ തങ്ങൾ വായ്മൊഴിയായി കേട്ട യെതിക്കഥകൾ പറഞ്ഞുകൊടുത്ത് ഈ യാത്രികരുടെ ആകാംഷ കൂട്ടി. എന്നാൽ മിക്കവരും അവസാനം നിരാശരായിട്ടാണ് മടങ്ങിയത്.
റോയൽ ജോഗ്രാഫിക് സൊസൈറ്റിയിലെ അംഗമായിരുന്ന എൻ.എ. ടോമാസി എന്ന ഫോട്ടോഗ്രാഫർ 1925ൽ ഹിമാലയൻ മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 4600 മീറ്റർ ഉയരത്തിൽ യെതിയെ കണ്ടതായി വിവരിക്കുന്നു. മനുഷ്യരേപ്പോലെതന്നെ നിവർന്ന് നടന്ന യെതി ഇടയ്ക്കിടെ മലനിരകളിൽ കിളിർത്തുനിന്ന ചെടികൾ പിഴുതെടുത്തതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അകലെനിന്ന് കണ്ടതിനാൽ ചിത്രങ്ങൾ പകർത്താനായില്ല.
വഴിത്തിരിവായ വലിയ കാൽപ്പാടുകൾ
1950കളുടെ തുടക്കം. ഹിമാലയത്തിലെ ഏറ്റവും ഉയർന്നുനിൽക്കുന്ന കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള പരിശ്രമത്തിലായിരുന്ന ബ്രിട്ടീഷ് പർവതാരോഹനായ എറിക് ഷിപ്റ്റണും സംഘവും. സമുദ്രനിർപ്പിൽനിന്ന് 6000 മീറ്റർ ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം നിലത്തെ മഞ്ഞുപാളികളിൽ വിചിത്രമായ ഒരു കാഴ്ച കണ്ടു. മനുഷ്യന്േറതിനേക്കാൾ പല ഇരട്ടി വലുപ്പമുള്ള കാൽപ്പാടുകൾ അവിടെ പതിഞ്ഞുകിടക്കുന്നു.
അദ്ദേഹം ഉടൻതന്നെ അതിന്റെ ചിത്രങ്ങൾ തന്റെ കാമറയിൽ പകർത്തി. പിന്നീട് ഇത് യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങളിൽ ഒന്നാംപേജ് വാർത്തയായി. പലരും യെതിയെ കണ്ടെന്നും യെതിയുടെ ശരീര അവശിഷ്ടങ്ങൾ കിട്ടിയെന്നും പറഞ്ഞ് രംഗത്തെത്തി. ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ടെൻസിംഗും ഹിലാരിയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ പലരും യെതിയുടെ രോമങ്ങളും അസ്ഥികൂടെ അവശിഷ്ടങ്ങളുമൊക്കെയായാണ് മടങ്ങിയത്. എന്നാൽ പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ അവയെല്ലാം ഹിമക്കരടികളുടെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞു.
ശാസ്ത്രം പറയുന്നത്
ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം യെതി എന്ന മഞ്ഞുമനുഷ്യൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. കുറച്ച് കാൽപ്പാദങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇങ്ങനെയൊരു ജീവി ഭൂമുഖത്തുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. യെതിയുടേത് എന്ന് അവകാശപ്പെട്ട് പർവതാരോഹരകരും മറ്റും കൊണ്ടുവന്നിട്ടുള്ള അവശിഷ്ടങ്ങളെല്ലാം മറ്റു മൃഗങ്ങളുടേതാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുമുണ്ട്.