റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനു തലവേദനയുണ്ടാക്കിയ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗിനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.
ഒരു വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു വീണുവെന്നും അതില്‍ പ്രിഗോഷിനും ഉണ്ടായിരുന്നുവെന്നും മാത്രമാണ്
റഷ്യന്‍ വ്യോമയാന ഏജന്‍സി റൊസാവിയാറ്റ്സ്യയുടെ റിപ്പോര്‍ട്ട്.
വിമാനം താഴെയിറങ്ങുന്നതിനിടെയായിരുന്നു തീപിടിച്ചു തകര്‍ന്നത്. യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരുണ്ടായിരുന്നുവെങ്കിലും ഇത് ഒരു മരണനാടകമാണോയെന്നാണ് പലരും സംശയിക്കുന്നത്.
രാജ്യത്തെ ശതകോടീശ്വരന്‍മാരിലൊരാളും പുടിന്റെ അടുത്ത അനുയായിയുമായിരുന്ന പ്രിഗോഷിന് മുമ്പ് നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായി ഒമ്പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിലില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഭക്ഷ്യബിസിനസില് കൈവയ്ക്കുകയായിരുന്നു. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തും സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും തുടങ്ങിയും പ്രിഗോഷിന് പതിയെ വളര്‍ന്നു. പുട്ടിന് റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന് വളര്‍ന്നത് ശതകോടീശ്വരനായാണ്.
വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ടതാണ് വാഗ്നര്‍ ഗ്രൂപ്പ്. എന്നാല്‍ പിന്നീട്, പണം വാങ്ങി യുദ്ധത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ നല്കുന്ന ഏജന്‍സിയായി ഇവര്‍ മാറി.
റഷ്യന്‍ സൈന്യത്തിന് ഇടപെടാന്‍ കഴിയാത്ത ഇടങ്ങളില്‍ അവര്‍ കരുത്തുകാട്ടിത്തുടങ്ങി. പ്രധാനമായും ഖനിയുടമകളുംം ധനകാര്യ സ്ഥാപനങ്ങളുമാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ സേവനം തേടിയെത്തിയത്.
എതിരാളികളെ കൈകാര്യം ചെയ്യുന്നതിന് ആയുധങ്ങളുപയോഗിച്ച് തുടങ്ങിയതോടെ ഇവര്‍ റഷ്യയിലെ ഒരു സമാന്തര സൈന്യമായി വളര്‍ന്നു.
വാഗ്നര്‍ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കായി പണമൊഴുക്കിയതും അധികാര സ്ഥാനങ്ങളില്‍നിന്ന് അനുമതി വാങ്ങിയതും സേനയെ വളര്‍ത്തിയതും പ്രിഗോഷിനാണ്.
യെവ്ഗിനി പ്രിഗോഷിന്റെ സ്വകാര്യ സേനയുടെ സേവനം ഏറ്റവുമധികം ഉപയോഗിച്ചത് പുട്ടിനായിരുന്നു. രാജ്യത്തിനുള്ളില്‍ തനിക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവരെ പുടിന് നിശബ്ദമാക്കിയിരുന്നത് വാഗ്നര്‍ ഗ്രൂപ്പിന്റെ കൈക്കരുത്തിലായിരുന്നു.
പശ്ചിമേഷ്യയിലെ റഷ്യയുടെ പല സൈനിക ഇടപെടലുകളിലും വാഗ്നര്‍ സേനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യാന്തരതലത്തിലുള്ള സൈനിക നിയമങ്ങളൊന്നും ഈ സ്വകാര്യസേനയ്ക്ക് ബാധകമല്ല എന്നതുകൊണ്ടു തന്നെയാണ് റഷ്യന്‍ സൈന്യത്തിനൊപ്പം വാഗ്നര്‍ സൈനികരും യുദ്ധമുഖത്ത് എത്തുന്നത്.
യുക്രെയ്ന് യുദ്ധത്തില്‍ പുട്ടിന് യവ്ഗിനി പ്രിഗോഷിന്റെയും വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെയും സഹായം തേടി. ”2014 മേയ് ഒന്നിന്, ഒരു കൂട്ടം ദേശസ്നേഹികള്‍ ജനിച്ചു, അത് പിന്നീട് വാഗ്നര്‍ ബറ്റാലിയന് എന്ന് വിളിക്കപ്പെട്ടു” എന്നാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ തുടക്കത്തെക്കുറിച്ച് യവ്ഗിനി പ്രിഗോഷിന് പറഞ്ഞത്.
യുക്രെയ്നുമായുള്ള യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിനു മികച്ച പിന്തുണയാണ് നല്‍കിയത്. യുക്രൈനില്‍ നടത്തിയ അധിനിവേശം 16 മാസം പിന്നിട്ടപ്പോഴാണ് വാഗ്നര്‍ സേന പുടിനു നേരെ തിരിഞ്ഞത്.
സേനയെ വേണ്ടത്ര രീതിയില്‍ റഷ്യന്‍ സൈന്യം പിന്തുച്ചില്ലെന്ന് പ്രിഗോഷിന് വിമര്‍ശിച്ചു. ആയുധങ്ങളും പിന്തുണയും ലഭിച്ചില്ലെങ്കില്‍ തന്റെ സൈനികരെ യുക്രെയ്നില്‍നിന്ന് പിന്‍വലിക്കുമെന്ന് പ്രിഗോഷിന് ഭീഷണി മുഴക്കി.
എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതില്‍ പ്രതികരിക്കാതായതോടെ വാഗ്നര്‍ കൂലിപ്പട്ടാളം മോസ്കോയ്ക്ക് നേരെ തിരിഞ്ഞു.
എന്നാല്‍ നീക്കം പരാജയപ്പെട്ടതോടെ പ്രിഗോഷിന് അപ്രത്യക്ഷനായി. ഇദ്ദേഹം കൊല്ലപ്പെടുകയോ ജയിലടയ്ക്കപ്പെടുകയോ ചെയ്തിരിക്കാം എന്നും അഭ്യൂഹം പരന്നു.
എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് യെവ്ഗിനി പ്രിഗോഷിന് റഷ്യയിലേക്ക് വീണ്ടും മടങ്ങിയെത്തി.
അട്ടിമറി നീക്കങ്ങളില്‍നിന്ന് പിന്മാറിയ പ്രിഗോഷിനെതിരെയും വാഗ്നര്‍ ഗ്രൂപ്പിനെതിരെയും ഉണ്ടായിരുന്ന കേസുകളും റഷ്യ പിന്‍വലിച്ചു.
എന്നാല്‍ ഇപ്പോള്‍ വിമാനാപകടത്തില്‍ പ്രിഗോഷിന് കൊല്ലപ്പെട്ടെന്ന വിവരം പുറത്തു വരുമ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക ഏറെക്കുറെ അസാധ്യമാണ്. ഇനി, ഇത് പ്രിഗോഷിന്റെ പുതിയ തന്ത്രങ്ങളുടെ ഭാഗമാണോയെന്ന് സംശയിച്ചാലും തെറ്റില്ല.