വിദേശത്ത് നിന്നും ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗ സ്‌ക്രോമാന്‍ എന്ന യുവതിയെ കാണാതായതും പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ അവരുടെ മൃതദേഹം കണ്ടെത്തിയതും കേരളത്തെ ഞെട്ടിച്ച സംഭവമാണ്. എന്നാല്‍ ഈ വിഷയത്തില്‍ കനത്ത മാനസിക സംഘര്‍ഷത്തിനിരയായത് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയാണ്.
തന്റെ ഓഫീസിലും ബന്ധുക്കള്‍ക്കിടയിലും പോലീസ് നടത്തിയ അന്വേഷണം ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതിന് സമാനമായിരുന്നു എന്നാണ് അശ്വതി പറയുന്നത്. അതേസമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് അശ്വതി അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍ ലിഗയുടെ നീതിയ്ക്കുവേണ്ടി നിലകൊണ്ടതിന് താന്‍ അനുഭവിച്ച യാതനകള്‍ ചെറുതൊന്നുമല്ലെന്നാണ് അശ്വതി പറയുന്നത്. ലിഗയെ അന്വേഷിച്ച് ബന്ധുക്കള്‍ക്കൊപ്പം നടക്കുമ്പോള്‍ അനുഭവിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്.
എന്നാലും അതൊന്നും വകവയ്ക്കാതെ അവരെ സഹായിക്കുകയാണ് ചെയ്തത്. ഞാന്‍ പണപ്പിരിവ് നടത്തി എന്ന് ആരോപിക്കുന്ന ആളെ എനിക്ക് അറിയുക പോലും ഇല്ല. വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടന്നത്.
കനത്ത മാനസിക വിഷമമാണ് ഈ വിഷയത്തില്‍ ഉണ്ടായത്. അതിന്റെ അളവും തീവ്രതയും ഒന്നും പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. ബിപി ലോ ആയതിനെ തുടര്‍ന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അന്ന് തന്നെ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. ചില ഭാഗത്ത് നിന്നു ഉണ്ടായ സൈബര്‍ ആക്രമങ്ങള്‍ മനസ്സിന് ആദ്യമൊക്കെ വിഷമത്തിലാക്കി.
ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങിയിട്ട് ഇതാണല്ലോ ഫലം എന്ന വിഷമമാണ്. ഇത്തരം അനുഭവങ്ങളാണ് നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടാവുന്നതെങ്കില്‍ ഇനി ആരെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നോട്ട് വരുമോ. അപ്പോള്‍ സമൂഹത്തിലെ മുഴുവന്‍ നന്മയും ഇല്ലാതാകട്ടെ എന്നാണോ?
അതുപോലെതന്നെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വലിയ എന്തോ തെറ്റ് ചെയ്തവര്‍ക്ക് നേരെയുള്ള അന്വേഷണം പോലെയാണ്. ജ്വാലയുടെ ഓഫീസില്‍ പോലീസുകാര്‍ വരുന്നു കണക്കുകള്‍ പരിശോധിക്കുന്നു. ഫയലുകള്‍ നോക്കുന്നു. ഭര്‍ത്താവിനെ കുറിച്ച് അന്വേഷിക്കുന്നു. ഒരു പരിചയവുമില്ലാത്തവര്‍ ജ്വാലയുടെ ഓഫീസിന് മുന്നില്‍ കേന്ദ്രീകരിക്കുന്നു. ഇതൊക്കെ വല്ലാത്ത ഭയമാണ് മനസ്സിലുണ്ടാക്കിയത്.
എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നതാണ് കൂടുതല്‍ സങ്കടം ഉണ്ടാക്കിയത്. ഞാന്‍ വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നത് അതു് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളൊക്കെ ഞെട്ടലുണ്ടാക്കും. പക്ഷേ ഇതൊന്നും കൊണ്ട് പൊതു പ്രവര്‍ത്തനമോ ജ്വാലയുടെ പ്രവര്‍ത്തനങ്ങളോ അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ല. അത് ഇനിയും തുടരും. അശ്വതി പറയുന്നു.