സ്വന്തംലേഖകന്‍
കോഴിക്കോട് : എഐസിസി നേതാവിന്റെ ഒത്താശയോടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവിനെതിരേയുള്ള പരാതി മുക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയാണ് മുക്കിയത്.
നേതാവിനെതിരേയുള്ള പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ഇക്കാര്യം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിനെ പരാജയപ്പെടുത്താന്‍ യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് ശ്രമിച്ചുവെന്ന പരാതിയിലാണ് നേതൃത്വം നടപടി സ്വീകരിക്കാത്തത്.
യൂത്ത്കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അബ്രഹാം ടി മാണി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരു, ജില്ലാ പ്രസിഡന്റ് രാരോത്ത് ഷാഹിന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
കോഴിക്കോട് നോര്‍ത്ത് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ടി.എം. നിമേഷാണ് ഇത് സംബന്ധിച്ചുള്ള പരാതി നല്‍കിയത്.
എന്നാല്‍ മൂന്നുമാസമായിട്ടും പരാതിയില്‍ ആരോപിച്ച അഖിലേന്ത്യാനേതാവിനെതിരേ നടപടി സ്വീകരിക്കാന്‍ നേതൃത്വം തയാറായിട്ടില്ല.
ശക്തമായ മത്സരമായിരുന്നു അഭിജിത്ത് നേരിട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രനായിരുന്നു മത്സരിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് കാമ്പയിനില്‍ നിന്ന് യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാനേതാവ് വിട്ടുനില്‍ക്കുകയും നിരവധി തവണ അഭിജിത്തിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതേതെരഞ്ഞെടുപ്പില് മത്സരിക്കാന്‍ ശ്രമിച്ച നേതാവ് തെരഞ്ഞെടുപ്പിന് അവസാന ദിവസങ്ങളില്‍ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തി വോട്ടര്‍മാര്‍ക്കിടയില്‍ അഭിജിത്തിനെതിരേ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.
മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയുടെ ഉത്തരാവിദത്തപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തിയുടെ നടപടി നിന്ദ്യമാണെന്നും നേതാവിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പരാതി. എന്നാല്‍ നടപടിയെടുക്കാന്‍ നേതൃത്വം ഇതുവരേയും തയാറായില്ല.
അടുത്തിടെ മണ്ഡലം പ്രസിഡന്റിനെ തീരുമാനിച്ചത് വരെ മരവിപ്പിക്കാന്‍ നിര്‍ദേശം വന്നിരുന്നു. ഇതിന് പിന്നിലെല്ലാം എഐസിസി നേതാവിന്റെ ഇടപെടലുണ്ടായിട്ടുണ്ട്.
ജില്ലയിലെ 106 മണ്ഡലം കമ്മിറ്റികളില്‍ 105 ലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നെങ്കിലും പയ്യാനക്കല്‍ മണ്ഡലത്തില്‍ മാത്രം തീരുമാനമായിരുന്നില്ല.
തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകളും സമവായത്തിലെത്തുകയും മണ്ഡലം പ്രസിഡന്റായി സി.പി.സാദിഖിനെ ദേശീയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിക്കുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനം ഡല്‍ഹിയിലുള്ള എഐസിസി നേതാവ് ഇടപെട്ട് മരവിപ്പിച്ചു. സാധാരണയായി മണ്ഡലം പ്രസിഡന്റിനെ തീരുമാനിക്കുന്നതിലും മറ്റും ദേശീയ നേതാക്കള്‍ ഇടപെടാറില്ല.
എന്നാല്‍ കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പുകളുടെ മേധാവിത്തം ഇല്ലാതാക്കി പുതിയ ഗ്രൂപ്പുണ്ടാക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന സംശയത്തിലാണ് നേതാക്കള്‍.