കീവ്: മരിയുപോൾ നഗരത്തിൽ മൂന്നരലക്ഷം ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് യുക്രെയ്ൻ.
റഷ്യ മരിയുപോളിനെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
സുരക്ഷാ ഇടനാഴി ഒരുക്കി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെങ്കിൽ പരാജയപ്പെട്ടു.
മിക്ക ആളുകളും ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുകയാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലും ആശങ്കയിലുമാണ് കുടുങ്ങി കിടക്കുന്നവർ.
മിക്ക ആളുകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വൈദ്യുതി പോലും ഇല്ലാതെ തറയിലും മറ്റും ഇരുന്നും കിടന്നുമാണ് ഒാരോ ദിവസവും തള്ളിനീക്കുന്നതെന്നും മരിയുപോൾ മേയർ അറയിച്ചു.
കീവിൽ ആക്രമണം തുടരുന്നു
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസം യുക്രെയ്നിലെ നിപ്രോ വിമാനത്താവളത്തിൽ റഷ്യ ആക്രമണം നടത്തി. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് നാശനഷ്ടമുണ്ടായി.
രണ്ടുപേർ കൊല്ലപ്പെട്ടു
പടിഞ്ഞാറൻ കീവിൽ ഇന്നു നടന്ന ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 നില കെട്ടിടത്തിനു തീപിടിക്കുകയും തകരുകയും ചെയ്തു.
രണ്ടു പേരെ സംഭവസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. 46 പേരെ രക്ഷപ്പെടുത്തി. കീവിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചെന്നാണ് റിപ്പോർട്ട്.
യുക്രെയ്ന്റെ മറ്റു ഭാഗങ്ങളിലും റഷ്യ കനത്ത ആക്രമണം തുടരുകയാണ്. പടിഞ്ഞാറൻഭാഗത്തെ തുറമുഖ നഗരമായ ഖെർണസൺ പൂർണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലായെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.
റഷ്യൻ ഭടന്മാർ ദിവസങ്ങൾക്കു മുന്പേ നഗരത്തിൽ പ്രവേശിച്ചിരുന്നെങ്കിലും ജനങ്ങളിൽനിന്നു നിസഹകരണം നേരിട്ടിരുന്നു.
പ്രധാനമന്ത്രിമാർ എത്തി
പോളിഷ് പ്രധാനമന്ത്രി മത്തേയുസ് മൊറാവിസ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാള, സ്ലൊവേനിയൻ പ്രധാനമന്ത്രി ജാനസ് ജാൻസ എന്നിവർ ഇന്നലെ ട്രെയിനിൽ കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, പ്രധാനമന്ത്രി ഡെന്നിസ് അനത്തോളിയോവിച്ച് എന്നിവരുമായി ചർച്ച നടത്തി.
ഈ മൂന്നു രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വമുണ്ട്. നേതാക്കൾ യൂറോപ്യൻ യൂണിയന്റെ പിന്തുണയും സഹായവും യുക്രെയ്നു വാഗ്ദാനം ചെയ്തു.
കൂടുതൽ ഉപരോധം
യൂറോപ്യൻ യൂണിയനും ബ്രിട്ടനും റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്തി. റഷ്യയിൽനിന്നുള്ള മദ്യത്തിനടക്കം ഇറക്കുമതി തീരുവ വർധിപ്പിച്ചു.
റഷ്യൻ സന്പന്നരെ ലക്ഷ്യമിട്ട് ആഡംബരവസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. യുക്രെയ്ൻ-റഷ്യ ചർച്ച ഇന്നലെയും തുടർന്നു.
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനയിലെ പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നയതന്ത്രജ്ഞനുമായ യാംഗ് ജിയേച്ചിയും റോമിൽ കൂടിക്കാഴ്ച നടത്തി.
ചർച്ച അർഥവത്തായിരുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്.