റെനീഷ് മാത്യു
കണ്ണൂർ: രാജ്യത്ത് കറൻസി നോട്ടുകൾ നിരോധിക്കുമെന്ന പ്രചാരണവുമായി യോകൊയിൻ തട്ടിപ്പ്. ഇന്ത്യയിൽ അംഗീകാരം ഇല്ലാത്തതും മറ്റ് വിദേശരാജ്യങ്ങളിൽ അംഗീകാരമുള്ളതുമായ ബിറ്റ്കോയിൻ മോഡലിലാണ് യോകൊയിൻ പ്രചാരണം.
രാജ്യത്ത് കറൻസി നോട്ടുകൾ നിരോധിക്കാൻ പോവുകയാണെന്നും പണമിടപാടിന് ഡിജിറ്റൽ നാണയമാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞാണ് സംഘമെത്തുന്നത്.
കണ്ണൂരിലെ ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് യോകൊയിൻ പ്രചരിപ്പിക്കുന്ന ബിസിനസ് സംഘത്തിന്റെ മീറ്റിംഗുകൾ നടന്നു. പഴയ നെറ്റ്വർക്ക് മാർക്കറ്റിംഗിൽ പ്രവർത്തിച്ചവർ തന്നെയാണ് യോകൊയിനുമായി രംഗത്തെത്തിയിരിക്കുന്നത്.
യോകൊയിൻ ഇടപാടിൽ ചേർക്കാൻ റിട്ട. ബാങ്ക് ജീവനക്കാർ, വിദേശത്ത് നിന്നും മടങ്ങിയെത്തിയവർ, വിവിധ ജോലികളിൽ നിന്നും പെൻഷനായവർ എന്നിവരെയാണ് സമീപിക്കുന്നത്. യോകൊയിൻ വേണ്ടവർ കൊൽക്കത്തയിലെ മിഡിൽറ്റൺ സ്ട്രീറ്റിലുള്ള ഐസിഐസിഐ ബാങ്കിന്റെ 355005500142 എന്ന അക്കൗണ്ട് നന്പരിലാണ് പണം നിക്ഷേപിക്കേണ്ടത്.
മിനിമം നൂറ് യോകൊയിൻ എങ്കിലും വാങ്ങണം. കൊയിൻ ഒന്നിന് 70 രൂപ വച്ച് ഏഴായിരം രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടത്. പണം നിക്ഷേപിച്ച ഉടനെ ഫോണിലേക്ക് അക്കൗണ്ടിൽ നൂറ് യോകൊയിൻ ക്രെഡിറ്റായെന്ന് പറഞ്ഞ് മെസേജും വരും.
മൂന്നു മാസത്തേക്ക് ഇവ പിൻവലിക്കത്തില്ലെന്നുമാണ് നിർദേശം. റിയലൻസിന്റെ ഡിജിറ്റൽ കൊയിനായ ജിയോ കൊയിന്‍ ഉടൻ പ്രധാനമന്ത്രി അംഗീകാരം നൽകുമെന്നും അതിനു പിന്നാലെ യോകൊയിനും അംഗീകാരം കിട്ടുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ചേലേരി, കണ്ണാടിപ്പറന്പ്, പാനൂർ, ഇരിട്ടി മേഖലയിൽ നിരവധി പേരാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്. യോകൊയിൻ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്താണ് ബിറ്റ്കോയിൻ
ഇന്റർനെറ്റിലൂടെ നടക്കുന്ന സാന്പത്തിക ഇടപാടിന് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. ലോഹനാണയമോ കടലാസ് നാണയമോ ഇതിനില്ല. മാത്രമല്ല ഭരണകൂടങ്ങളുടെയോ ബാങ്കുകളുടെയോ നിയന്ത്രണം ബിറ്റ്കൊയിന്‍ ബാധകമല്ല. വിശ്വാസ്യതയുടെ പ്രശ്നം മാത്രമാണ് ബിറ്റ്കൊയിൻ നേരിടുന്ന പ്രശ്നം. ഇന്ത്യയിൽ ഇതിന് അംഗീകാരമില്ല.