കൊച്ചി: ലഹരി വിമുക്ത കൊച്ചി ക്കായി സിറ്റി പോലീസ് രൂപകല്പനചെയ്ത യോദ്ധാവ് എന്ന മൊബൈല്‍ വാട്സ്ആപ് നമ്പര്‍ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 170 കേസുകള്‍.
ഈ കേസുകളിലായി 180 പേരെ അറസ്റ്റു ചെയ്യുകയും 18.27 ഗ്രാം എംഡിഎംഎ, 24.14 കിലോഗ്രാം കഞ്ചാവ്, 700 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 15 നാണ് യോദ്ധാവിന്റെ വാട്സ്ആപ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ വാട്സ് ആപ് നമ്പര്‍ മുഖാന്തിരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന്, ഡാന്‍സാഫ്, സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് എന്നീ ടീമംഗങ്ങള്‍ പരിശോധന നടത്തുകയായിരുന്നു.
എറണാകുളം ജില്ലയ്ക്കു പുറമെ മറ്റു ജില്ലകളിലും നടക്കുന്ന മയക്കമരുന്ന് വിതരണത്തിനും വ്യാപനത്തിനുമെതിരേ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ഞൂറിലധികം സന്ദേശങ്ങളാണ് ലഭിച്ചത്.
മറ്റു ജില്ലകളില്‍ നടക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വിതരണത്തിനുമെതിരേ ലഭിച്ച സന്ദേശങ്ങള്‍ അതാത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ചു കൊടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
യോദ്ധാവ് മൊബൈല്‍ വാട്സ് ആപ് നമ്പര്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളുടെ വിവരങ്ങള്‍ സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പോലും അറിയാന്‍ സാധിക്കാത്ത തരത്തിലാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നത്.
ജില്ലയിലെ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9995966666 എന്ന യോദ്ധാവ് മൊബൈല്‍ വാട്സ് ആപ് നമ്പറിലേക്ക് അറിയിക്കാം.