ശീലമാക്കാം, യോഗ

yogaയോഗ വെറുമൊരു വ്യായാമം മാത്രമല്ല. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാനാകും. ദിവസവും അരമണിക്കൂര്‍ സമയം ഇതിനായി വിനിയോഗിക്കണം. യോഗയെക്കുറിച്ചുള്ള പുതിയൊരു പംക്തി തുടങ്ങുകയാണ്. യോഗാസനങ്ങള്‍ പരിചയപ്പെടുത്തുന്നത് 37 വര്‍ഷമായി യോഗ പഠിപ്പിക്കുന്ന യോഗാചാര്യ അലോഷ്യസ് ആണ്.

യോഗ തുടങ്ങും മുന്‍പ്

1. പരിശീലനത്തിനു മുന്‍പും പിന്‍പും പ്രാര്‍ഥിക്കണം.
2. രാവിലെ നാലിനും എട്ടിനും വൈകുന്നേരം അഞ്ചിനും എട്ടിനുമിടയ്ക്ക് യോഗ ചെയ്യുക.
3. രാവിലെ പരിശീലിക്കുന്നത് ഏറ്റവും ഗുണപ്രദം.
4. പരിശീലനത്തിന് മുന്‍പ് മലമൂത്രവിസര്‍ജനം നടത്തിയിരിക്കണം. നിര്‍ബന്ധമായും മൂത്രമൊഴിച്ചതിനുശേഷം മാത്രം യോഗ ചെയ്യുക.
5. പരിശീലനത്തിനു തടസം വരാത്ത വേഷമായിരിക്കണം.
6. ആര്‍ത്തവ ദിവസങ്ങളില്‍ യോഗ പരിശീലനം ഒഴിവാക്കുക. എന്നാല്‍ ശ്വസനക്രമങ്ങള്‍ ആവാം.
7. നല്ല ശാപ്പാടിനു ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് യോഗ ചെയ്യുക.
8. മൈനര്‍ ഓപ്പറേഷനു ശേഷം 3-4 മാസങ്ങള്‍ കഴിഞ്ഞു യോഗ ആവാം. മേജര്‍ ഓപ്പറേഷന് ശേഷം യോഗ പുനരാരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശം തേടുക.
9. യോഗപരിശീലനത്തിന് ടെറസ് അതുപോലെ വായു സഞ്ചാരമുള്ള സ്ഥലം അഭികാമ്യം.
10. പരിശീലനത്തിന് ഒരു ഷീറ്റ് അത്യാവശ്യം വേണം.
11. ശരീരത്തിനോ മനസിനോ അസ്വസ്ഥതയോ മറ്റോ ഉണെ്ടങ്കില്‍ യോഗപരിശീലനം ഒഴിവാക്കുക.
12. യോഗ സാവധാനം മെല്ലെ പരിശീലിക്കുക.
13. ലളിതമായവയ്ക്കു ശേഷം വിഷമമുള്ളതു പരിശീലിക്കുക.
14. യോഗ ക്രമത്തില്‍ ചെയ്യണം. ഗുരു അഭികാമ്യം.
15. സസ്യാഹാരം ഉത്തമം.
16. അസുഖത്തെ കരുതി യോഗ ചെയ്യുമ്പോള്‍ പഥ്യക്രമം പാലിക്കണമെന്നത് മറക്കാതിരിക്കുക.
17. 5-8 വയസു മുതല്‍ യോഗപരിശീലനം തുടങ്ങാം.
18. യോഗാസന പരിശീലനശേഷം മാത്രമെ പ്രാണായാമ സിസ്റ്റമിക് യോഗിക് ബ്രീത്തിംഗ് ചെയ്യാവൂ.
19. എപ്പോഴും നല്ല പരിജ്ഞാനമുള്ള ഒരു ഗുരുവില്‍ നിന്നു യോഗ പഠിക്കുക. ആവശ്യം തോന്നുമ്പോള്‍ സഹായം തേടുക.

ദ്വിപാദപീഠം ചിത്രം നല്ലതുപോലെ പഠിക്കുക.

നേരേ മലര്‍ന്നു കിടക്കുക. കാലുകള്‍ ചിത്രത്തിലേതുപോലെ ചന്തിയോടു ചേര്‍ത്തു വയ്ക്കുക. കാല്‍പാദങ്ങള്‍ തമ്മില്‍ ഒരടിയകലം ഉണ്ടായിരിക്കണം. കൈകള്‍ ഇരുവശങ്ങളിലും. ശ്വാസം എടുത്തുകൊണ്ട് ചിത്രത്തിലേതുപോലെ ശരീരം ഉയര്‍ത്തുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മെല്ലെ ശരീരം താഴ്ത്തി തറയില്‍ വയ്ക്കുക.
പതിനഞ്ചുപ്രാവശ്യം ചെയ്യുക. ദീര്‍ഘശ്വാസം എടുക്കണം. സാധാരണ പീഠത്തില്‍ ഇരിക്കുന്നു. ഇവിടെ അതിനുപകരം കാല്‍പാദങ്ങള്‍ പീഠമായി ഉപയോഗിക്കുന്നു. അതിനാല്‍ ദ്വീപാദപീഠം എന്നു പേരുവന്നു.

ഗുണങ്ങള്‍

രാത്രി ഉറക്കമിളച്ചിരുന്നു പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ മടുപ്പു തോന്നുമ്പോള്‍ ഇതു ചെയ്താല്‍ കൂടുതല്‍ നേരം പഠിക്കാന്‍ സാധിക്കും. ക്രമം തെറ്റിയ ആര്‍ത്തവം നേരെയാക്കാം. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കി സുഖപ്രസവത്തിനു സഹായിക്കും. ഉദരഭാഗത്ത് യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാത്തതിനാല്‍ ഗര്‍ഭത്തിന്റെ ഏഴു മാസം വരെ ഇതു ചെയ്യാം. നട്ടെല്ലിന് നല്ല ബലവും ഉന്മേഷവും പ്രദാനം ചെയ്യും. ശുദ്ധരക്ത വര്‍ധനവിന് കാരണമാവും. പിറ്റ്വിറ്ററി, തൈറോയ്ഡ്, പാന്‍ക്രിയാസ്, അഡ്രിനല്‍ മുതലായ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. ദീര്‍ഘശ്വാസം എടുക്കുന്നതുകൊണ്ടു ശ്വാസകോശങ്ങള്‍ക്കും പ്രവര്‍ത്തന ക്ഷമത കൂടുന്നു. ഇടയ്ക്കിടയ്ക്ക് ചെവി അടയുന്നതുപോലെ തോന്നുന്നവര്‍ക്കും നല്ലതാണ്. ശരീരം കാല്‍ മുട്ടുമുതല്‍ പൊന്തിനില്‍ക്കുന്നതു കാരണം ധാരാളം രക്തം നെഞ്ചുഭാഗത്തും മുഖത്തും എത്തുന്നു. പല്ലു വേദന ഉണ്ടാവില്ല. ഗര്‍ഭപാത്രം ഇറങ്ങുന്നവര്‍ക്ക് (ജൃീഹമുലെറ ഡലേൃൗ)െ ഈ യോഗ വളരെ ഗുണം ചെയ്യും.

യോഗാചാര്യ അലോഷ്യസ്
ഗുരുകുലം യോഗാശ്രമം ആന്‍ഡ് യോഗ തെറാപ്പി സെന്റര്‍, കാളകെട്ടി, കാഞ്ഞിരപ്പള്ളി.

Related posts