യോഗയും പ്രകൃതിജീവനവും ജീവിതത്തിന്റെ ഭാഗം! അറുന്നൂറിലധികം യോഗാചാര്യന്മാരുടെ ഗുരു; 98 കാരിയുടെ യോഗാഭ്യാസം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു

fb_img_1471539000694യോഗ എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. കഠിനാദ്ധ്വാനവും ആരോഗ്യവും ഇതിനാവശ്യമാണ്. മുപ്പത് വയസുകഴിഞ്ഞവര്‍ പോലും യോഗ ചെയ്യുന്നതിന് മടിക്കുന്ന അവസരത്തിലാണ് 98 കാരിയായ കോയമ്പത്തൂര്‍ സ്വദേശിനി യോഗയില്‍ താരമാവുന്നത്. വയസിതാണെങ്കിലും പുലര്‍ച്ചെ നാലരയ്ക്ക് ഉറക്കമുണര്‍ന്ന് അരലിറ്റര്‍ വെള്ളവും കുടിച്ച് യോഗ പഠിപ്പിക്കാന്‍ യോഗമുത്തശ്ശി ക്ലാസില്‍ എത്തിയിരിക്കും. ഇന്ത്യയിലെ അറുനൂറിലധികം വരുന്ന യോഗാചാര്യന്മാരുടെ അധ്യാപികയാണ് ഈ മുത്തശ്ശി.

ഇപ്പോഴും നിരവധിപേരെ യോഗ അഭ്യസിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപികയാണ് നാണമ്മാള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലടക്കം ഈ പെരുമ ചെന്നെത്തി നില്‍ക്കുന്നു. ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാല്‍ ലോകമെമ്പാടുമുള്ള യോഗ ഫെഡറേഷനുകളുടെ ക്ഷണം നിരസിക്കുകയാണ് നാണമ്മാള്‍. എങ്കിലും നിരവധി അംഗീകാരങ്ങളും ആദരവുകളും നാണമ്മാളെ തേടി കോയമ്പത്തൂരിലെ വീട്ടുപടിക്കലെത്തിയിട്ടുണ്ട്. തലമുറകളായി കൈമാറിയതാണ് നാണമ്മാളിന്റെ ഈ സിദ്ധി. ”എട്ടുവയസിലാണ് ഞാന്‍ യോഗ അഭ്യസിച്ച് തുടങ്ങിയത്. ഇപ്പോള്‍ 90 വര്‍ഷമായി സ്ഥിരം യോഗ ചെയ്യുന്നു. ആയോധനകലകളഭ്യസിപ്പിച്ചിരുന്ന അച്ഛനാണ് എന്റെയും ഗുരു. ആയിരക്കണക്കിനാളുകളെ യോഗ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിക്കുന്നു. അതൊരു നിയോഗമായാണ് ഞാന്‍ കാണുന്നത്”.

0

ജീവിതത്തിലിന്നോളം ഒരസുഖത്തിനും ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ലാത്ത നാണമ്മാള്‍ തന്റെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും രഹസ്യം വെളിപ്പെടുത്തുകയാണ്. ”സിദ്ധ വൈദ്യവും കൃഷിയും സ്വായത്തമാക്കിയ ഭര്‍ത്താവിനെയാണ് എനിക്ക് കിട്ടിയത്. അതോടെ യോഗയും പ്രകൃതിജീവനവും ജീവിതത്തിന്റെ ഭാഗമായി. ദിവസവും യോഗ ചെയ്യും. സ്വന്തമായി നട്ടുവളര്‍ത്തുന്ന പച്ചക്കറികളുപയോഗിച്ച ഭക്ഷണം മാത്രം കഴിക്കും. അത് തന്നെയാണ് എന്റെ ആരോഗ്യരഹസ്യം.”ദിവസവും രാവിലെ 4.30 ന് ഉണരും. വെറും വയറ്റില്‍ അര ലിറ്റര്‍ വെള്ളം കുടിക്കും. പല്ലുതേക്കാന്‍ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ തണ്ടാണ്.

2067901

ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നാണമ്മാള്‍ രണ്ട് മൂന്ന് ആര്യവേപ്പ് തണ്ടുകളും ബാഗില്‍ കരുതും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ യോഗ പഠിപ്പിക്കാനായി ക്ലാസിലേക്ക് പോകും. പ്രഭാതഭക്ഷണമായി റാഗി, കാമ്പ്, തിന, മുതിര എന്നിവ ചേര്‍ത്ത കഞ്ഞിയാണ് കഴിക്കുക. ചീരക്കറിയുമായി ഉച്ചയൂണ്. കഴിക്കുന്ന എല്ലാ പച്ചക്കറികളും സ്വന്തം ഫാമില്‍ വിളയിച്ചെടുത്തത്. ഏഴിനും ഏഴരയ്ക്കുമിടയില്‍ വൈകിട്ട് അത്താഴം കഴിച്ചിരിക്കും. പാലോ പഴങ്ങളോ ആണ് അത്താഴം. പാലില്‍ അല്‍പ്പം മഞ്ഞള്‍ പൊടിയോ കുരുമുളക് പൊടിയോ ചേര്‍ത്ത് കഴിക്കും. വെളുത്ത പഞ്ചസാര കുടുംബത്തിലെ ആരും തന്നെ ഉപയോഗിക്കില്ലെന്ന് നാണമ്മാള്‍ പറയുന്നു. ശര്‍ക്കരയാണ് മധുരോപാധി. തന്റെ യോഗ മുറകളും ജീവിതചര്യകളുമെല്ലാം പുതുതലമുറയ്ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. നാണമ്മാളിന്റെ കുടുംബത്തില്‍ നിന്ന് 36 പേരാണ് യോഗാദ്ധ്യാപകരായിട്ടുള്ളത്.

Related posts