ജൂണിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ തിരക്കുള്ള റോഡിന്റെ നടുവിൽ പാ വിരിച്ചു കിടക്കുന്ന ജഗതി ശ്രീകുമാർ കാഴ്ചക്കാരിൽ ഏറെ ചിരിയുണർത്തിയിരുന്നു. ഏതാണ്ട് ഇതിനോടു സമാനമായ ഒരു കാഴ്ച ഇന്നലെ മിയാമി ഹൈവേയിൽ അരങ്ങേറി.
രാവിലെ ഓഫീസിൽ പോകാൻ വണ്ടിയെടുത്തിറങ്ങിയതാണ് ക്രിസ്റ്റിൻ ജോണ്‍സ് എന്ന ഫ്ലോറിഡക്കാരി. സുഹൃത്ത് വണ്ടിയെടുത്തുകൊണ്ടുപോയിട്ട് പെട്രോൾ അടിക്കാതെയാണ് തിരികെക്കൊണ്ടുവന്നിട്ടത്. ഇതിന്റെ ദേഷ്യത്തിലാണ് വാഹനം ഓടിക്കുന്നത്. തിരക്കുള്ള മിയാമി ഹൈവേയിലെത്തിയപ്പോഴേക്കും ഗതാഗതക്കുരുക്ക് തുടങ്ങി. രണ്ടു മണിക്കൂർ ബ്ലോക്കിൽ കിടന്നിട്ടും വണ്ടി മുന്നോട്ടു നീങ്ങിയില്ല. ഒടുവിൽ ബ്ലോക്കിൽ കിടന്നു മടുത്ത ക്രിസ്റ്റിൻ തന്റെ യോഗാ മാറ്റുമായി കാറിൽനിന്നു പുറത്തിറങ്ങി. മാറ്റ് റോഡിൽ വിരിച്ച് പതുക്കെ യോഗ ചെയ്തുതുടങ്ങി.
തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതിന്റെ ദേഷ്യം തീർക്കാനാണ് യോഗ ചെയ്യാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റിൻ പറഞ്ഞു. കുറച്ചുനേരം യോഗചെയ്തപ്പോൾതന്നെ ദേഷ്യം കുറഞ്ഞു. മനസിലെ ബ്ലോക്ക് മാറിയപ്പോൾ ക്രിസ്റ്റിൻ കാറിൽ കയറി.