വടക്കഞ്ചേരി: യോഗ്യാഭ്യാസങ്ങളിൽ നിരവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടുന്ന കർഷകനായ ഈരോരിക്കൽ ജെന്നി സിറിയക് കോരഞ്ചിറക്കാരുടെ അഭിമാനമായി.
കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് നടന്ന സംസ്ഥാന യോഗാ ചാന്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനത്തെത്തിയതോടെ 53-കാരനായ ജെന്നി സിറിയക്കിന്റെ പേരും പെരുമയും നാടിനും അപ്പുറത്തെത്തി. മുടക്കംകൂടാതെയുള്ള പരിശീലന മുറകളിലൂടെ വിസ്മയപ്രകടനങ്ങൾ ജെന്നി സിറിയക്ക് നടത്തും. പ്രായമാകുന്പോഴേയ്ക്കും രോഗങ്ങൾക്ക് അടിമപ്പെട്ട് വീട്ടിൽ കഴിയുന്നവരെല്ലാം ജെന്നിയെ കണ്ടുപഠിക്കണം.
ചിട്ടയായ ജീവിതരീതികളാണ് യോഗയുടെ പ്രധാനഘടകം. ഇങ്ങനെയുള്ളവർക്ക് ആരോഗ്യമുള്ള ശരീരവും മനസും നിലനിർത്താനാകും. ദിവസവും രാവിലെ 4.30ന് എഴുന്നേറ്റാണ് യോഗാ പരിശീലനം. കോഞ്ചിറ വായനശാലയിലും യോഗാ ക്ലാസുണ്ട്. ഭക്ഷണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ-മാംസമൊന്നും കഴിക്കില്ല. പച്ചക്കറികളോടാണ് പ്രിയം.
പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളൊന്നുമില്ല. മണിക്കൂറുകൾ നീളുന്ന യോഗ്യാഭ്യാസം കഴിഞ്ഞാൽ പകൽമുഴുവൻ വീടിനുസമീപത്തെ ഒടുകിൻചുവട്ടിലുള്ള തോട്ടത്തിലാകും. റബർ, കുരുമുളക് കൃഷിയാണ് കൂടുതലും.
നല്ല മാതൃകാ കർഷകൻ കൂടിയാണ് യോഗ്യാഭ്യാസിയായ ജെന്നി സിറിയക്. കൂട്ടുകാർക്കിടയിലും ജെന്നി തന്നെയാണ് താരം. ഇടയ്ക്ക് ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിലും ജെന്നി സിറിയക്കിന്റെ യോഗാഭ്യാസ പ്രകടനം ഉണ്ടാകാറുണ്ട്.