മലപ്പുറം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്.
യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ഭരണ പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ വിമർശിക്കുന്നത്.
യോഗിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ജയിലിൽ അല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ചത് സ്വർണവും ഡോളറും കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗിയുടെ പേരിൽ നയാ പൈസയുടെ അഴിമതി ഇല്ല. അദ്ദേഹം അധികാരത്തിലെത്തുന്പോൾ യുപിയിലെ ആരോഗ്യമേഖല തകർന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവിൽ മികച്ചതാക്കി.
യുപിയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. ഇത് വെബ്സൈറ്റിൽ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. എന്താണ് കേരളത്തെ കുറിച്ച് പഠിക്കാനുള്ളത്. 250 രൂപയ്ക്ക് കിറ്റ് കൊടുക്കുന്നതാണോ എന്നും സുരേന്ദ്രൻ പരിഹസിച്ചു.
കേരളം എല്ലാ കാര്യത്തിലും വളരെ പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പങ്ങളാണെന്നും യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറഞ്ഞവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. എന്നാൽ യുപിയുടെ സ്ഥിതി അതാണോ എന്നും പിണറായി വിജയൻ ചോദിച്ചു.
എത്ര വര്‍ഗീയ കലാപവും വിദ്വേഷ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അടുത്തിടെ ഒരു ഡിഎസ്പിയടക്കം എട്ട് പോലീസുകാരാണ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും യുപിയിലാണ്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 676 ശതമാനംവരെ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്തുതന്നെ കൂടുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്.
കേരളത്തിലെ യുവാക്കള്‍ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോഗിയുടെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെവിടെയും തൊഴില്‍തേടി പോകുന്നത് അവര്‍ക്ക് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.