പാറ്റ്ന: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദേശികളായ വിശിഷ്ടാതിഥികൾ ഇന്ത്യയിൽ എത്തുമ്പോൾ താജ്മഹലിന്റെയും മറ്റു മിനാരങ്ങളുടേയും രൂപങ്ങളാണ് സമ്മാനമായി നൽകുന്നത്. എന്നാൽ ഇവയൊന്നും ഇന്ത്യൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നവയല്ലെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ മൂന്നാംവാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ബിഹാറിൽ ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ഇത്തരം പ്രവണതകൾക്ക് മാറ്റംവരുത്തി.
മോദി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വിദേശരാഷ്ട്ര തലവൻമാർക്ക് ഭഗവത് ഗീതയോ രാമായണമോ ആണ് നൽകുന്നത്. വിദേശ രാഷ്ട്രത്തലവൻമാർ ഇന്ത്യ സന്ദർശിക്കുമ്പോഴും അവർക്ക് ഇവയാണ് സമ്മാനമായി നൽകുന്നത്. രാമായണം ഒരു വിദേശ രാഷ്ട്രത്തലവന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.