രാജ്യത്തിന്റെ വിവിധ കോണുകളില്‍ അടുത്തടുത്ത് നടന്ന പല ഉപ തെരഞ്ഞെടുപ്പുകളിലും പരാജയമാണ് ബിജെപിയ്ക്ക് നുണയേണ്ടി വന്നത്. ഉത്തര്‍പ്രദേശിലും സമാനമായിരുന്നു അവസ്ഥ. ഇക്കാരണത്താല്‍ തന്നെ യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട രൂപപ്പെട്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കൈരാന ലോക്സഭാ സീറ്റ്, നൂപുര്‍ നിയമസഭാ സീറ്റ് എന്നിവയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലാണിത്.
പാര്‍ട്ടി പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്സഹായനാണെന്ന് പരാമര്‍ശിക്കുന്ന ബിജെപി എംഎല്‍എയുടെ കവിതയാണ് ഇപ്പോള്‍ ചര്‍ച്ചയും ഒപ്പം വിവാദവുമായിരിക്കുന്നത്. ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശ്യാം പ്രകാശാണ് യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.
കവിത വിവാദമായതോടെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായി. കര്‍ഷകര്‍ സര്‍ക്കാരില്‍ തൃപ്തരല്ല, ഇത്തരത്തില്‍ നിരവധി കാരണങ്ങളാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് ശ്യാം പ്രകാശ് പറഞ്ഞു. പഴയ സര്‍ക്കാരുമായി തുലനം ചെയ്യുമ്പോള്‍ യോഗി സര്‍ക്കാര്‍ അഴിമതിയില്‍ ഏറെ മുമ്പിലാണെന്നതാണ് തന്നെ ഇത്തരമൊരു കവിത എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് പിന്നീട് എംഎല്‍എ വ്യക്തമാക്കുകയും ചെയ്തു.