തറ വൃത്തിയാക്കാന്‍ ഗോമൂത്രത്തില്‍ നിന്ന് ലോഷന്‍ കണ്ടുപിടിക്കാനുള്ള നിര്‍ദ്ദേശത്തിനു പിന്നാലെ മരുന്നു നിര്‍മ്മാണത്തിനും ഗോമൂത്രം ഉപയോഗിക്കാന്‍ പദ്ധതിയിട്ട് യോഗി സര്‍ക്കാര്‍. കരള്‍ രോഗത്തിനും സന്ധിവേദനയ്ക്കും പ്രതിരോധശേഷിക്കും ഉത്തമ ഔഷധമാണ് ഗോമൂത്രമെന്നും സംസ്ഥാന ആയുര്‍വേദവകുപ്പ് ഇതിനായി എട്ട് മരുന്ന് ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെന്നും വകുപ്പു മേധാവി ഡോ. ആര്.ആര് ചൗധരി അഭിപ്രായപ്പെട്ടു. ഇതിനായി പിലിഭിട്ടിലും ലക്നൗവിലുമുള്ള രണ്ട് ഫാര്‍മസി യൂണിറ്റുകളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.
ഗോമൂത്രം, പാല്, നെയ്യ് എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. ഗോമൂത്രത്തിന് ആയുര്‍വേദത്തില്‍ സവിശേഷ സ്ഥാനമുണ്ട്. പുതിയ പഠനങ്ങളില്‍ ഗോമൂത്രവും പശുവില്‍നിന്നുള്ള മറ്റ് ഉല്‍പ്പന്നങ്ങളും വളരെ ഉപകാരപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമം തുടരും. പുതിയ ഗവേഷണങ്ങളുടെ ഫലമായി ഗോമൂത്രം, ചാണകം എന്നിവ ഔഷധഗുണങ്ങളുള്ളവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍, തറ വൃത്തിയാക്കുന്നതിനുള്ള ലോഷന്‍ പശുവിന്റെ മൂത്രമുപയോഗിച്ച് നിര്‍മിക്കണമെന്ന നിര്‍ദേശം വച്ചത്. ഇത് ഫലപ്രദമാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ ആര്.എസ്.എസിന്റെയും വി.എച്ച്.പിയുടെയും അംഗങ്ങളായ മൂന്ന് പേരടക്കമുള്ള 19 അംഗ പാനലിനെയും യോഗി സര്‍ക്കാര്‍ ഗോമൂത്ര ഗവേഷണനം നടത്തുന്നതിനായി നിയോഗിച്ചിരുന്നു.